kuthiravattom

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ സുരക്ഷ ഒരുക്കാൻ നടപടി സ്വീകരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ്. സുരക്ഷാ ജീവനക്കാരുടെ പുതിയ 20 തസ്തികകൾ സൃഷ്ടിച്ചതായും മന്ത്രി പറഞ്ഞു. മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാവീഴ്ചയുമായി ബന്ധപ്പെട്ട മനോരമ ന്യൂസിൻ്റെ വാർത്തയിലാണ് നടപടി.

റിമാൻഡ് തടവുകാരായ അന്തേവാസികൾ ഉൾപ്പടെ 400 ' അധികം പേർ  കഴിയുന്നുണ്ട് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ. ഇവർക്കായുള്ളത് 8 സുരക്ഷാ ജീവനക്കാർ മാത്രമായിരുന്നു. മാത്രമല്ല 24 സുരക്ഷാ ജീവനക്കാരെ ഉടൻ നിയമിക്കണമെന്ന  മുഖ്യമന്ത്രിയുടെ നിർദേശവും ഇതുവരെ പാലിക്കപ്പെട്ടിരുന്നില്ല. ഇക്കാര്യങ്ങൾ ചൂണ്ടി കാട്ടിയായിരുന്നു മനോരമ ന്യുസ് വാർത്ത നൽകിയത്.ഇതിലാണ് ആരോഗ്യ മന്ത്രിയുടെ പ്രതികരണം.

മാനസികാരോഗ്യ കേന്ദ്രം വികസനവുമായി ബന്ധപ്പെട്ട മാസ്റ്റർ പ്ലാൻ അന്തിമഘട്ടത്തിലാണ്.ഇതിൽ ഫൊറൻസിക് വാർഡുകളുടെ നവീകരണത്തിന് പ്രഥമ പരിഗണന നൽകുമെന്നും മന്ത്രി പറഞ്ഞു.. തടവുകാരായ അന്തേവാസികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പും പൊലിസും തമ്മിൽ നിലവിൽ തർക്കമില്ല.പുതിയ സുരക്ഷാ' ജീവനക്കാർ എത്തുന്നതോടെ സുരക്ഷയുമായി ബന്ധപെട്ട എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.