കോഴിക്കോട്ടെ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിലെ പ്രധാന ആസൂത്രകൻ അറസ്റ്റിൽ. കോഴിക്കോട് ചാലപ്പുറം സ്വദേശി പി.പി ഷബീർ ആണ് അറസ്റ്റിലായത്.വയനാട് പൊഴുതനയിൽ വച്ചാണ് പിടിയിലായത് . അതേ സമയം ഈ കേസിലെ പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ ഇ.ഡി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ക്രൈംബ്രാഞ്ച് , പൊലിസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്
2021 ജൂലൈ ഒന്നിനാണ് കോഴിക്കോട് നഗരത്തിലെ ഏഴിടങ്ങളിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ പ്രവർത്തിക്കുന്നതായി കണ്ടെത്തിയത്. മുഖ്യ പ്രതി ഇബ്രാഹിം പുല്ലോട്ടിൽ ഉൾപ്പടെ രണ്ട് പേരായിരുന്നു അറസ്റ്റിലായത്.കേസിലെ മുഖ്യ ആസൂത്രകനാണ് പിടിയിലായ പി.പി ഷബീർ.വയനാട് പൊഴുതനയിൽ ബിനാമി വിലാസത്തിൽ നിർമിക്കുന്ന റിസോർട്ടിൻ എത്തിയപ്പോഴാണ് പിടികൂടിയത്. വേഷം മാറി കുറച്ചു ദിവസങ്ങളായി ഇവിടെ താമസിക്കുകയായിരുന്നു പ്രതി.
ഇനി കേസിൽ മലപ്പുറം സ്വദേശി നിയാസ് കുട്ടശ്ശേരി ഉൾപ്പടെ മൂന്ന് പേർ കൂടി പിടിയിലാകാനുണ്ട്. ഇവർക്കായി നേരത്തെ വിവിധ ഭാഷകളിൽ ലുക്ക് ഔട്ട് നോട്ടീസും ലുക്ക് ഔട്ട് വീഡിയോയും പുറത്തിറക്കിയിരുന്നു. . 46 കോടിയുടെ അനധികൃത ഇടപാടുകൾ നടന്നതായി കണ്ടെത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഇ.ഡി അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ സി- ബ്രാഞ്ച്, പൊലിസ് മേധാവിയെ സമീപിച്ചത്