TAGS

കണ്ണൂർ മട്ടന്നൂർ നഗരസഭ തിരഞ്ഞെടുപ്പിൽ സിപിഎം കോട്ടകളിൽ മിന്നുന്ന വിജയമാണ് ഇത്തവണ യുഡിഎഫ് നേടിയത്. എൽ.എഡി.എഫ് ഭരണം നിലനിർത്തിയെങ്കിലും സീറ്റെണ്ണം ഇരട്ടിയാക്കിയതിന്റെ ആവേശത്തിലാണ് യുഡിഎഫ് ക്യാംപ്. സൈബർ ഇടങ്ങളിൽ കുറിപ്പ് പങ്കിട്ട് കോൺഗ്രസ്, ലീഗ് നേതാക്കളും പ്രവർത്തകരെ അഭിനന്ദിക്കുകയാണ്. 35 വാർഡുകളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ 21 ഇടത്ത് എൽ.ഡി .എഫ്  വിജയിച്ചപ്പോൾ 14 ഇടങ്ങളിൽ യു ഡി എഫ് അട്ടിമറി വിജയം നേടി. ‘ഏഴ് പതിനാലായത് ഇരിക്കൂറല്ല മട്ടന്നൂരാണ്.ഓർത്തോളൂ..’ എന്നാണ് ഷാഫി പറമ്പിൽ എംഎൽഎ കുറിച്ചത്. 

 

‘ഇടത്‌ ശക്തി കേന്ദ്രങ്ങളെ ഞെട്ടിച്ച്‌ മട്ടന്നൂരിൽ മിന്നുന്ന വിജയം സ്വന്തമാക്കിയ യുഡിഎഫ്‌ പ്രവർത്തകർക്ക്‌ അഭിവാദ്യങ്ങൾ... 7 സീറ്റിൽ നിന്ന് 14 സീറ്റിലെത്തിയ യുഡിഎഫ്‌ വിജയം ഇരട്ടി മധുരമുള്ളതാക്കി. 28 സീറ്റിൽ നിന്ന് 21 സീറ്റിലേക്ക്‌ എൽഡിഎഫ്‌ വീണു.’ ടി.സിദ്ദിഖ് എംഎൽഎ പറഞ്ഞു. ‘തൃക്കാക്കരക്ക് പിന്നാലെ കേരളം മാറ്റത്തിന്റെ പാതയിൽ തുടരുകയാണ്. ഇടതുകോട്ടയിൽ ഉജ്ജ്വല മുന്നേറ്റം നടത്തിയ വിജയികൾക്കും അണിയറയിൽ പ്രവർത്തിച്ച യു.ഡി.എഫ് പ്രവർത്തകർക്കും അഭിനന്ദനങ്ങൾ...#നമ്മൾ_തിരിച്ച്_വരും.’ യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് പറഞ്ഞു.

 

എൽ.ഡി.എഫിൽ നിന്ന് എട്ട് സീറ്റുകൾ യു.ഡി.എഫ് പിടിച്ചെടുത്തു. ബി.ജെ.പിക്ക്  അക്കൗണ്ട് തുറക്കാനായില്ല. വേട്ടെണ്ണല്ലിന്റെ ആദ്യ ഘട്ടത്തിൽ മത്സരം ഫോട്ടോ ഫീനിഷീലേയ്ക്ക് നീങ്ങുമെന്ന്  തോന്നിയെങ്കിലും അവസാന റൗണ്ടിൽ എൽഡിഎഫ് ലീഡ് നിലനിർത്തുകയായിരുന്നു. 35 വാർഡുകളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ ആദ്യ രണ്ട് റൗണ്ടിലും എൽ ഡി എഫും യു ഡി എഫും ഒപ്പത്തിനൊപ്പമായിരുന്നു. 28 നിന്നാണ് എൽഡിഎഫ് സീറ്റ് 21 ലേയ്ക്ക് ചുരുങ്ങിയത്. ഏഴിൽ നിന്ന് 14 ലേയ്ക്കുള്ള മാറ്റം യുഡിഎഫിന് രാഷ്ട്രീയ നേട്ടവും. 8 സീറ്റ് യുഡിഎഫ് പിടിച്ചെടുത്തപ്പോൾ എൽഡിഎഫിന് ലഭിച്ചത് കയനി മാത്രം.

 

അനായാസ വിജയം ലക്ഷ്യമിട്ട് ഇറങ്ങിയ എൽഡിഎഫിന് പെരിഞ്ചേരിയും ഇല്ലം ഭാഗവുമടക്കം നഷ്ടപ്പെട്ടത് വലിയ തിരിച്ചടിയാണ്, അടിയൊഴുക്കുണ്ടായപ്പോഴും 1997 മുതലുള്ള നഗരസഭ ഭരണം നിലനിർത്താനായത് ആശ്വാസവുമാണ്. എൽഡിഎഫിന്  ഏറ്റവും കൂടുതൽ ഭൂരിപക്ഷമുള്ള എം എൽ എ യുള്ള  മട്ടന്നൂരിലുണ്ടായത് അപ്രതീക്ഷിത തിരിച്ചടി. നഗരസഭ ഭരണം നിലനിർത്തിയെങ്കിലും യു ഡി എഫ് മുന്നേറ്റം പാർട്ടിയ്ക്ക് പരിശോധിക്കേണ്ടി വരും.