panthalam

പന്തളം: തെങ്ങിന്റെ മുകളിൽ ഇരിപ്പുറപ്പിച്ച യുവാവിനെ താഴെയിറക്കാൻ 13 മണിക്കൂർ നീണ്ട ശ്രമങ്ങളെല്ലാം വിഫലമായതോടെ ഫയർ ഫോഴ്സ് നടത്തിയ ‘ജലപീരങ്കി’ പ്രയോഗം വിജയം കണ്ടു. ഫയർ എൻജിനിൽ നിന്നു ഹോസ് ഉപയോഗിച്ചു വെള്ളം ചീറ്റിയതോടെ, ഇയാൾ താഴേക്ക് ഇറങ്ങിത്തുടങ്ങി. പകുതി ഭാഗമെത്തിയപ്പോൾ തിരിച്ചു കയറാനുള്ള ശ്രമം നാട്ടുകാർ തെങ്ങു കുലുക്കിയും ബഹളം വച്ചും തടഞ്ഞു. പന്തളത്ത് കടയ്ക്കാട്ട് ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നോടെ തുടങ്ങിയ പരിഭ്രാന്തിക്ക് ഇന്നലെ പുലർച്ചെയോടെയാണ് അന്ത്യമായത്.

 

മദ്യപാനം തടയാനായി ചികിത്സ നടത്താനുള്ള ബന്ധുക്കളുടെ ശ്രമവും ഇതിൽ യുവാവിനുള്ള അനിഷ്ടവുമാണ് മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്ക് വഴിയൊരുക്കിയത്. ഒരു വർഷം മുൻപും സമാനമായ രീതിയിൽ മരത്തിൽ കയറി ഭീഷണി മുഴക്കിയിരുന്നു. അന്നു ബന്ധുക്കളുടെ അനുനയ ശ്രമത്തിലൂടെ അധികം വൈകാതെ താഴെയിറക്കാൻ കഴിയുകയും ചെയ്തു. ഇക്കുറി പക്ഷേ ഫലിച്ചില്ല.പൊലീസും ഫയർ ഫോഴ്സും നാട്ടുകാരും ബന്ധുക്കളും നടത്തിയ 'സന്ധി സംഭാഷണങ്ങളി'ലും പരിഹാരമായില്ല. ഗോവണി സ്ഥാപിച്ചു മുകളിലേക്ക് കയറാനുള്ള ശ്രമവും നടന്നില്ല. മുൻകരുതലെന്ന നിലയിൽ താഴെ സുരക്ഷാവലയും സ്ഥാപിച്ചിരുന്നു. മണിക്കൂറുകൾ പിന്നിട്ടതോടെ നൂറുകണക്കിനാളുകൾ സ്ഥലത്തെത്തി.

 

ഇതിനിടെ, 2 പേർ തെങ്ങിന്റെ മുകളിലെത്തി യുവാവിനോട് സംസാരിച്ചു. തെങ്ങിന്റെ ഓലയും മറ്റും നീക്കം ചെയ്തെങ്കിലും യുവാവ് വഴങ്ങിയില്ല.ഒന്നരയോടെ ഫയർ ഫോഴ്സ് ശക്തിയായി വെള്ളം പമ്പ് ചെയ്തു തുടങ്ങി. അവിടെ തന്നെ നിലയുറപ്പിച്ച യുവാവ് പിന്നീട് പതുക്കെ താഴേക്ക് ഇറങ്ങാൻ തുടങ്ങി. പകുതി ഭാഗമെത്തുമ്പോൾ തിരിച്ചു കയറാനും ശ്രമം നടത്തി. തെങ്ങിൽ നിന്നിറങ്ങുന്നതിനിടയിൽ കൈക്ക് പരുക്കേറ്റിരുന്നു. താഴെയെത്തിയ ഉടനെ ഫയർ ഫോഴ്സ് യുവാവിനെ പൊലീസിനു കൈമാറി. തുടർന്നു ബന്ധുക്കൾക്കൊപ്പം ആശുപത്രിയിലേക്കും കൊണ്ടു പോയി.

 

ഫയർ ഫോഴ്സ് നടത്തിയത് അസാധാരണ ദൗത്യം

 

രക്ഷാപ്രവർത്തനത്തിന്റെ ഓരോ മണിക്കൂറുകൾ പിന്നിടുമ്പോഴും ഫയർ ഫോഴ്സ് സംഘത്തിന്റെ ആശങ്ക കൂടി വന്നു. രാത്രി വൈകിയുള്ള ശ്രമങ്ങൾ അവർക്ക് വെല്ലുവിളിയായിരുന്നു. അനുനയ നീക്കങ്ങളെല്ലാം പരാജയപ്പെട്ടത് ആശങ്കയിലാക്കി. ഉന്നത ഉദ്യോഗസ്ഥരെ അടക്കം ഓരോ ഘട്ടവും അറിയിച്ചായിരുന്നു ശ്രമങ്ങളെല്ലാം. പത്തനംതിട്ട, അടൂർ എന്നിവിടങ്ങളിൽ നിന്നുള്ള യൂണിറ്റുകളെത്തിയിരുന്നു. റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. അടൂർ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ കെ.സി.റജികുമാറാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. 

 

അവസാനമായി ഒരു പരീക്ഷണം എന്ന നിലയിലാണ് വെള്ളം പമ്പ് ചെയ്തത്. തൊട്ടു പിന്നാലെ യുവാവ് ഇറങ്ങി തുടങ്ങിയതോടെ സേനാംഗങ്ങൾക്കും ആശ്വാസമായി. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ നിയാസുദ്ദീൻ, ഫയർ ഓഫിസർമാരായ ഷാജു, സാബു, സൂരജ്, പ്രജോഷ്, അനീഷ്, രവി, സുരേഷ് കുമാർ, പത്തനംതിട്ട അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ അജിത് കുമാർ എന്നിവർ ദൗത്യത്തിൽ പങ്കെടുത്തു. നാട്ടുകാർ നൽകിയ പിന്തുണയും ഉദ്യോഗസ്ഥർക്ക് ഏറെ സഹായകരമായി.