ശബരി റെയിൽ പദ്ധതിക്ക് തുടക്കമിട്ടിട്ട് ഇരുപത്തഞ്ചു വർഷം പിന്നിടുന്നു. ഇക്കാലത്തിനിടെ പൂർത്തിയായത് ഏഴു കിലോമീറ്റർ പാത മാത്രമാണ്. 1997ൽ 550 കോടിയായിരുന്നു പദ്ധതിയുടെ നിർദിഷ്ട ചെലവെങ്കിൽ ഇപ്പോഴത് 3447 കോടിയിൽ എത്തിനിൽക്കുന്നു.
അങ്കമാലി മുതൽ എരുമേലി വരെ 111 കിലോമീറ്റർ ദൈർഘ്യമുള്ള പാതയാണ് ശബരി റെയിൽ പദ്ധതി ലക്ഷ്യമിടുന്നത്. 1997 ൽ നിന്നും 2022 ൽ എത്തുമ്പോൾ യാഥാർഥ്യമായത് അങ്കമാലി മുതൽ കാലടി വരെ ഏഴു കിലോമീറ്റര്‍ പാതയും, കാലടിയിൽ റെയിൽവേ സ്റ്റേഷനും, പെരിയാറിനു കുറുകെയുള്ള പാലവും മാത്രം. പത്ത് വർഷം മുൻപ് പണി കഴിപ്പിച്ച റെയിൽവേ സ്റ്റേഷൻ ഇപ്പോൾ സാമൂഹ്യ വിരുദ്ധരുടെ താവളമാണ്. കെട്ടിടത്തിന്റെ ജനൽ ചില്ലുകളെല്ലാം എറിഞ്ഞു തകർക്കപ്പെട്ടു. ഭിത്തികളിലെല്ലാം സന്ദർശകരുടെ കരവിരുത് തെളിഞ്ഞു കാണാം. റെയിൽ പാലവും പ്ലാറ്റ്ഫോമും കാടുകയറി. പാലത്തിനടിയിലൂടെ രണ്ടു റോഡുകളെ തമ്മിൽ ബന്ധിപ്പിക്കാൻ നിർമ്മിച്ച തുരങ്കം വെള്ളം നിറഞ്ഞ കുളമായി മാറി. 2015 ൽ നിർമ്മിച്ച പെരിയാറിനു കുറുകെയുള്ള മേൽപ്പാലം ലഹരി മാഫിയയുടെ കേന്ദ്രമാണെന്ന് നാട്ടുകാർ പറയുന്നു. പുതിയ എസ്റ്റിമേറ്റ് പ്രകാരം 3447 കോടിയാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചെലവ്. അങ്ങനെ 25 വർഷം പിന്നിടുമ്പോഴും എങ്ങുമെത്താത്തതെ കടലാസ്സ് പദ്ധതിയായി തുടരുകയാണ് ശബരി റെയിൽ.