തമിഴ്നാട് തിരുച്ചിറപ്പള്ളിയിലെ 18 ഗ്രാമങ്ങള്‍ക്ക് ഉടമസ്ഥാവകാശം ഉന്നയിച്ചു വഖഫ് ബോര്‍ഡ് രംഗത്ത്. തിരുച്ചിറപ്പള്ളി ജില്ലയിലെ തിരുച്ചെന്തുറൈയിലെ 378 ഏക്കര്‍ ഭൂമിയുടെ രേഖകള്‍ സഹിതം വഖഫ് ബോര്‍ഡ് റജിസ്ട്രേഷന്‍ വകുപ്പിനെ സമീപിച്ചു കത്തുനല്‍കിയതോടെ വസ്തു ഇടപാടുകള്‍ നിലച്ചു. പുരാതന ക്ഷേത്രമടക്കമുള്ള ഭൂമിയുടെ മേലാണ് തര്‍ക്കം. ഗ്രാമീണര്‍ സമരം തുടങ്ങിയതോടെ വസ്തുക്കള്‍ നിലവില്‍ കൈവശം വെയ്ക്കുന്നവര്‍ക്ക് ഉപയോഗിക്കാമെന്നും എന്നാല്‍ വില്‍പനയോ പണയപ്പെടുത്തലോ അനുവദിക്കില്ലെന്നും വഖഫ് ബോര്‍ഡ് അറിയിച്ചു. വിഷയം സാമുദായ പ്രശ്നമായി മാറുമോയെന്ന ആശങ്കയിലാണു ജില്ലാ ഭരണകൂടം.

 

1954 ലെ സര്‍ക്കാര്‍ സര്‍വേ പ്രകാരം തിരുച്ചിറപ്പള്ളി ജില്ലയിലെ തിരുച്ചെന്തുറൈയില്‍ വക്കഫ് ബോര്‍ഡിനു 378 ഏക്കര്‍ ഭൂമിയുണ്ട്. എന്നാല്‍ ഇതവിടെയാണന്നു കണ്ടെത്താന്‍ ബോര്‍ഡിനായിട്ടില്ല. ഇതോടെയാണു രേഖകളിലെ സര്‍വേ നമ്പറുകളിലുള്ള ഭൂമിയുടെ ഇടപാടുകള്‍ തടയണമെന്നു കാണിച്ചു ബോര്‍ഡ് റജിസ്ട്രേഷന്‍ വകുപ്പിനു കത്ത് നല്‍കിയത്. തങ്ങളുടെ എന്‍.ഒ.സിയില്ലാത്ത ഭൂമി ഇടപാടുകള്‍ തടയണെന്നു കാണിച്ചു ജില്ലയിലെ സബ് റജിസ്ട്രാര്‍ ഓഫിസുകള്‍ക്കു കത്തും നല്‍കി. ക്ഷേത്രം ഉള്‍പ്പെടെയുള്ള ഭൂമികള്‍ക്കാണു ബോര്‍ഡിന്റെ അവകാശവാദം. ഇതോടെ നാട്ടുകാര്‍ സംഘടിച്ചു സമരം തുടങ്ങി.  കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാധാന യോഗത്തില്‍ വസ്തു ഇടപാടിന്എന്‍.ഒ.സി വേണമെന്ന ആവശ്യം തല്‍കാലികമായി മരവിപ്പിച്ചു. രേഖകള്‍ പരിശോധിക്കാന്‍ റജിസ്ട്രേഷന്‍ ഐ.ജിയെ സമീപിക്കാനും തീരുമാനിച്ചു. വക്കഫ് ബോര്‍ഡിന്റെയും ഗ്രാമീണരുടെയും രേഖകള്‍ പരിശോധിച്ചതിനുശേഷം റജിസ്ട്രേഷന്‍ ഐ.ജി  വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കും. അതേ സമയം എന്തുതന്നെ ആയാലും കാലങ്ങളായി താമസിക്കുന്ന ഭൂമി വിട്ടുകൊടുക്കില്ലെന്ന നിലപാടിലണു ഗ്രാമീണര്‍.