സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നു കുറച്ചുനാൾ മാറിനിൽക്കേണ്ടിവന്ന സമയത്ത് കോടിയേരി ഇനി തിരിച്ചു വരില്ലെന്ന് ചിന്തിച്ചവർ പാർട്ടിക്ക് അകത്തും പുറത്തുമുണ്ടായിരുന്നു. അങ്ങനെ എഴുതിത്തള്ളിയവരെ വിസ്മയിപ്പിക്കുന്നതായി കോടിയേരിയുടെ അതിജീവനം. സംസ്ഥാന ഘടകത്തിന്റെ അമരത്തേക്കു മൂന്നാം തവണയും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടപ്പോൾ തോറ്റതു രോഗവും വിവാദങ്ങളുമാണ്. ഉദ്ദേശിച്ച രീതിയിൽ ഭരണം മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ തന്റെ മനസ്സറിയുന്നറിയുന്നവർ പാർട്ടി തലപ്പത്ത് വേണം എന്ന ആഗ്രഹം കൊണ്ടായിരിക്കണം, സെക്രട്ടറി സ്ഥാനത്തേക്കു കോടിയേരിയുടെ മൂന്നാംവരവു നിർദേശിച്ചതു മുഖ്യമന്ത്രി പിണറായി വിജയനാണ്. അതിനെ പിന്താങ്ങുന്ന കാര്യത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സമിതിക്കു രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.
രോഗവും മകന്റെ അറസ്റ്റും അലട്ടിയ പശ്ചാത്തലത്തിൽ കോടിയേരി മാറി എ.വിജയരാഘവൻ സെക്രട്ടറിയായപ്പോഴും അദ്ദേഹത്തിന്റെ അനുഭവസമ്പത്തും കഴിവും പാർട്ടി പ്രയോജനപ്പെടുത്തി. എൽഡിഎഫ് ഘടകകക്ഷികളെ തദ്ദേശ– നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഒന്നിച്ചു നിർത്താൻ കഴിഞ്ഞതു പിന്നണിയിൽനിന്നുള്ള കോടിയേരിയുടെ ഇടപെടൽ കൊണ്ടാണ്. രോഗപീഡയിലും പാർട്ടി തന്നെയായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. ആ സമർപ്പണത്തിനുള്ള അംഗീകാരം കൂടിയായിരുന്നു മൂന്നാം വരവ്. രണ്ടാം പിണറായി സര്‍ക്കാര്‍ ആരോപണങ്ങളുടെ തിരമാലകളില്‍ പെട്ട് ആടിയുലയുമ്പോഴും പ്രതിരോധത്തിനായി കോടിയേരി മുന്‍പന്തിയിലുണ്ട്. അതിനിടയിലാണ് ഈ അകാല വിയോഗം. പ്രായം 68!!!!