വിദ്യാർഥി പ്രസ്‌ഥാനത്തിലൂടെ കടന്നുവന്ന് സിപിഎമ്മിന്റെ പരമോന്നത സമിതിയായ പൊളിറ്റ് ബ്യൂറോ വരെയെത്തിയ കോടിയേരി, കമ്യൂണിസ്‌റ്റുകാരന്റെ ചിരിക്കുന്ന മുഖമാണ്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും കോടിയേരിയുടെ സവിശേഷതകള്‍. പാര്‍ട്ടികള്‍ക്കുള്ളില്‍ രാഷ്ട്രീയത്തിന് അതീതമായ  സൗഹൃദങ്ങള്‍. പാര്‍ട്ടിക്കുള്ളിലെ കാര്‍ക്കശ്യം.

 

സൗഹൃദ സംഭാഷണങ്ങളിൽ തമാശ കലർത്തുന്ന കോടിയേരി സംഘടനാ കാര്യങ്ങളിൽ തികഞ്ഞ കണിശക്കാരന്‍. ഒരേസമയം രണ്ടു മുഖങ്ങൾ കോടിയേരിക്കു മാധ്യമങ്ങൾ ചാർത്തിക്കൊടുത്തിട്ടുണ്ട്. കടുപ്പക്കാരൻ കമ്യൂണിസ്റ്റ് എന്ന സംഘടനാമുഖവും സൗമ്യനായ, ചിരിക്കുന്ന സഖാവ് എന്ന സൗഹൃദഭാവവുമാണത്. ഇവ രണ്ടും മാറിമാറി അണിയുന്നതിൽ കോടിയേരി എന്നും വിജയിച്ചിരുന്നു.

 

സംഘടനയ്ക്കകത്ത് സർവർക്കും സ്വീകാര്യനായിരുന്നു കോടിയേരി ബാലകൃഷ്ണൻ. എസ്എഫ്ഐയിലും ഡിവൈഎഫ്ഐയിലും പുതുതലമുറയെ വാര്‍ത്തെടുക്കുന്നതില്‍ കോടിയേരിയുടെ പങ്ക് സുപ്രധാനമായിരുന്നു. നിലവിലെ യുവജന നേതാക്കളില്‍ ഭൂരിഭാഗത്തിന്‍റെയും 'മെന്‍റര്‍' കോടിയേരിയാണ്. കഴിവുള്ളവര്‍ക്ക് അവസരങ്ങള്‍ നല്‍കി മുഖ്യധാരയിലേക്കും നേതൃനിരയിലേക്കും ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ എക്കാലവും ശ്രദ്ധാലുവായിരുന്നുവെന്ന് പാർട്ടിയിലെ സമുന്നതാരായ നേതാക്കൾ തന്നെ പറയുന്നു.