പതിവുതെറ്റിക്കാതെ ചോറ്റാനിക്കര പവിഴമല്ലിത്തറയിൽ പഞ്ചാരിയുമായി നടൻ ജയറാം. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ പഞ്ചാരിമേളത്തോടുകൂടിയ എഴുന്നള്ളിപ്പ് നടന്നത്. ഇത് ഒൻപതാം തവണയാണ് പവിഴമല്ലിത്തറയിൽ ജയറാം മേളപ്രമാണിയാകുന്നത്. 

രാവിലെ ശീവേലിക്ക് മൂന്ന് ഗജവീരന്മാരും മേളക്കാരും അണിനിരക്കുന്നതിന് മുൻപ് തന്നെ ചോറ്റാനിക്കര ദേവീക്ഷേത്രാങ്കണം കാഴ്ച്ചക്കാരെകൊണ്ട് നിറഞ്ഞിരുന്നു. 170 ഓളം കലാകാരന്മാർക്കിടയിലേക്ക് പ്രമാണിയായി ജയറാം എത്തിയതോടെ തിരക്ക് കൂടി. പതികാലത്തിൽ തുടങ്ങിയ പഞ്ചാരിയുടെ കാലങ്ങൾ മാറിയപ്പോൾ ആസ്വാദകർ ആവേശത്തിലായി.

ഇത് ഒൻപതാം തവണയാണ് ദുർഗാഷ്ടമി ദിനത്തിലെ പ്രധാന ചടങ്ങായ പവിഴമല്ലിത്തറ മേളത്തിന് ജയറാം പ്രമാണിയാകുന്നത്. ഇത്രയും തവണ മേളപ്രമാണിയാകാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നതായി ജയറാം പ്രതികരിച്ചു. ദുർഗാഷ്ടമി ദിനത്തിൽ ദർശനത്തിനായി ആയിരങ്ങളാണ് ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെത്തിയത്.