marriage

മതം സംബന്ധിച്ച അതിസാങ്കേതികത പറഞ്ഞ് വിവാഹ രജിസ്ട്രേഷൻ നിഷേധിക്കരുതെന്ന് ഹൈക്കോടതി. മതനിരപേക്ഷ രാജ്യത്ത് മതമല്ല, വിവാഹച്ചടങ്ങ്  നടന്നിട്ടുണ്ടോ എന്നതാണ് പ്രധാനം. സാമൂഹ്യ പരിഷ്കർത്താക്കളെ ചില സമുദായങ്ങൾ അവരുടേത് മാത്രമായി ഉയർത്തിക്കാട്ടുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

ശ്രീനാരായണഗുരുവചനങ്ങൾ ഉദ്ധരിച്ചാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ നിർണായക ഉത്തരവ്. 2008ലെ കേരള വിവാഹ രജിസ്ട്രേഷൻ പൊതുച്ചട്ട പ്രകാരം മതത്തിന്റെ പേരിലുള്ള സാങ്കേതിക കാരണം പറഞ്ഞ് വിവാഹ രജിസ്ട്രേഷൻ നിഷേധിക്കരുത്. ഏതെങ്കിലും കക്ഷിയുടെ മാതാപിതാക്കളിൽ ഒരാൾ ഇതര മതസ്ഥരാണെന്നതടക്കമുള കാര്യങ്ങൾ പറഞ്ഞ് തടസ്സം ഉണ്ടാക്കുന്നത് ശരിയല്ല. അങ്ങനെയെങ്കിൽ ശ്രീനാരായണ ഗുരുവിന്റെയും അയ്യങ്കാളിയുടെയും ആശയങ്ങൾ പിന്തുടരുന്നവരാണെന്ന് അഭിമാനിക്കാനുള്ള അർഹത നമുക്കില്ല.

മതനിരപേക്ഷ രാജ്യമാണ് നമ്മുടേത്. ഇഷ്ടമുള്ള മതവും ആചാരങ്ങളും പിന്തുടരാൻ എല്ലാവർക്കും അവകാശമുണ്ട്. കക്ഷികളുടെ മതമല്ല, വിവാഹ ചടങ്ങ് നടന്നിട്ടുണ്ടോ എന്നതാണ് പ്രാധാന്യമെന്നും കോടതി പറഞ്ഞു. വിവാഹ രജിസ്ട്രേഷൻ നടത്തി സർട്ടിഫിക്കറ്റ് നൽകാൻ ലോക്കൽ മാര്യേജ് രജിസ്ട്രാർ കൂടിയായ കൊച്ചി കോർപ്പറേഷൻ സെക്രട്ടറി വിസമ്മതിച്ചതിനെതിരെയാണ് എറണാകുളം സ്വദേശികളായ ദമ്പതികൾ ഹൈക്കോടതി സമീപിച്ചത്. 2001 ഡിസംബറിൽ ആയിരുന്നു ഇവരുടെ വിവാഹം. 

ഭർത്താവിന്റെ മാതാപിതാക്കൾ ഹിന്ദുമതത്തിൽ പെട്ടവരാണെങ്കിലും,  ഭാര്യയുടെ മാതാവ് മുസ്‌ലിം ആയിരുന്നു. ഇതാണ് പൊതു ചട്ടമനുസരിച്ച് വിവാഹ രജിസ്ട്രേഷൻ നിഷേധിക്കാനുള്ള കാരണമായി പറഞ്ഞത്. എന്നാൽ താൻ ഹിന്ദു ആചാരമാണ് പിന്തുടരുന്നത് എന്നായിരുന്നു ഭാര്യയുടെ വാദം. വ്യക്തി നിയമമനുസരിച്ചോ, സ്പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരമോ വിവാഹ രജിസ്ട്രേഷൻ നടത്തിയിട്ടുണ്ടാകണമെന്ന് അധികൃതർ ശഠിച്ചതാണ് തർക്കത്തിന് കാരണം. അധികൃതരുടെ ഈ വാദം കോടതി തള്ളി.

ശ്രീനാരായണ ഗുരുവും, അയ്യങ്കാളിയും അടക്കമുള്ള സാമൂഹ്യ പരിഷ്കർത്താക്കളെ കുറിച്ചും ഉത്തരവിൽ പരാമർശമുണ്ട്. സാമൂഹ്യ പരിഷ്കർത്താക്കളെ അവരുടെ ജാതി, സമുദായ വേലിക്കെട്ടുകൾക്കുള്ളിൽ തളച്ചിടാൻ ശ്രമിക്കരുതെന്നും, അങ്ങനെ ചെയ്യുന്നത് ഇവരോടുള്ള അനാദരവാണെന്നുയിരുന്നു കോടതിയുടെ നിരീക്ഷണം.