isro

ബഹിരാകാശ മേഖലയിലെ സ്വകാര്യ പങ്കാളിത്തത്തിലൂടെ പുതിയ പദ്ധതികൾക്ക് ഊന്നൽ നൽകുമെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. എസ്. സോമനാഥ്. ദൗത്യം പൂര്‍ത്തിയാക്കിയ പിഎസ്എൽവി ക്ക് പകരം നെക്സ്റ്റ് ജനറേഷൻ ലോഞ്ച് വെഹിക്കിൾ സജ്ജമാക്കും. ഐഎസ്ആർഒയും ഇന്ത്യൻ നാഷനൽ അക്കാദമി ഓഫ് എൻജിനിയേഴ്സും സംഘടിപ്പിക്കുന്ന എന്‍ജീനേഴ്സ് കോണ്‍ക്ളേവിന്  വലിയമല എൽപിഎസ്‌സിയിൽ തുടക്കമായി.

 

സ്വകാര്യ മേഖല കൂടി കടന്നുവരുമ്പോൾ ബഹിരാകാശരംഗം കൂടുതല്‍ സജീവമാകുമെന്ന പ്രതീക്ഷയാണ് ഐസ്ആര്‍ഒ ചെയര്‍മാന്‍ ഡോ എസ്  സോമനാഥ് പങ്കുവയ്ക്കുന്നത്. ബഹിരാകാശ സാങ്കേതിക വിദ്യാ കൈമാറ്റത്തിലും വിക്ഷേപണത്തിലും ചെലവ് കുറഞ്ഞ രാജ്യമായി ഇന്ത്യയെ മാറ്റും. 

ഇതുവഴി വിദേശത്തു  നിന്നടക്കം സ്വകാര്യമേഖലയെ ആകര്‍ഷിക്കാന്‍ കഴിയും. ഒരു ദശാബ്ദത്തിനുള്ളിൽ നേട്ടം കണ്ടുതുടങ്ങുമെന്നും ഡോ സോമനാഥ് വ്യക്തമാക്കി. ചൈന അടക്കമുള്ള രാഷ്ട്രങ്ങൾ ഇന്ത്യയുടെ നീക്കങ്ങള്‍ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്. 1980 കളിൽ വികസിപ്പിച്ച കാലഹരണപ്പെട്ട പിഎസ് എല്‍വിക്ക് പകരം എൻജിഎൽവി അവതരിപ്പിക്കും. 

 

കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനായി രണ്ടു ഭാരത് കൃഷി സാറ്റലൈറ്റുകൾ കൃഷി മന്ത്രാലയവുമായി സഹകരിച്ച്  വിക്ഷേപിക്കും. 

ബഹിരാകാശം ദേശീയ പുരോഗതിക്ക്, ആഗോള ഉൽപാദന കേന്ദ്രമാക്കി ഇന്ത്യയെ മാറ്റിത്തീർക്കൽ എന്നീ വിഷയങ്ങളിലാണ് കോൺക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്. ബഹിരാകാശ പേടകങ്ങള്‍ ഉപകരണങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും ഇതോടൊപ്പമുണ്ട്. നാനൂറോളം പ്രതിനിധികള്‍ പങ്കെടുക്കുന്നു. കോണ്‍ക്ളേവ് നാളെ സമാപിക്കും.