klm-adarsh-adityan-image-845-440

ട്രെയിന് മുന്നിൽ പകച്ച് നിന്ന വയോധികയെ സാഹസികമായി രക്ഷപെടുത്തി ഇരട്ട സഹോദരങ്ങൾ. കൊല്ലം ഓച്ചിറയിലാണ് സംഭവം. കൊറ്റമ്പള്ളി കൊട്ടയ്ക്കാട്ട് രത്നമ്മയ്ക്കാണ് പ്ലസ്ടു വിദ്യാർഥികളായ സഹോദരങ്ങളുടെ മനസാന്നിധ്യത്തെ തുടർന്ന് ജീവൻ തിരികെ കിട്ടിയത്. 

 

വെള്ളിയാഴ്ച രാവിലെ  9നു ചങ്ങൻകുളങ്ങര പോംസി റെയിൽവേ ക്രോസിലായിരുന്നു സംഭവം.  കേൾവിപരിമിതിയുള്ള രത്നമ്മ സമീപത്തെ ബന്ധുവീട്ടിലേക്കു പോകുകയായിരുന്നു. ഒരു ട്രെയിൻ പോയ ശേഷം അടുത്ത  ട്രെയിൻ വരുന്നതറിയാതെ ലെവൽക്രോസ് കടന്നതാണ് ഇവർ. ആളുകൾ നിലവിളിച്ചതും ലോക്കോ പൈലറ്റ് ഹോൺ മുഴക്കിയതും കേട്ടതുമില്ല. ട്രെയിനിന്റെ ചലനം കേട്ട് ഒടുവിൽ തിരിഞ്ഞുനോക്കിയെങ്കിലും അമ്പരന്ന രത്നമ്മയ്ക്ക് അനങ്ങാൻ കഴിഞ്ഞില്ല. 

 

നടുങ്ങി ആളുകൾ നോക്കി നിൽക്കെ ‘കണ്ണാ...  ആ അമ്മയെ രക്ഷിക്കൂ...’ എന്ന ഇരട്ടസഹോദരന്റെ നിലവിളി കേട്ടു കണ്ണനെന്ന ആദർശ് ആനന്ദ് റെയിൽവേ പാളത്തിലേക്കു കുതിച്ചു; അരികിലെത്തിയ ട്രെയിനുമുന്നിൽ പകച്ചുനിന്ന വയോധികയെ ചേർത്തുപിടിച്ചു മിന്നൽവേഗത്തിൽ അപ്പുറത്തേക്കു ചാടി. ജീവൻ തിരികെ കിട്ടിയ രത്നമ്മ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി.

 

കുറുങ്ങപ്പള്ളിയിൽ ആനന്ദൻ പിള്ളയുടെയും രാജശ്രീയുടെയും മക്കളാണ് ഇരുവരും. തഴവ മഠത്തിൽ ബിജെഎസ്എം എച്ച്എസ്എസിലേക്ക് പോകുന്ന വഴിയിലായിരുന്നു സഹോദരങ്ങളുടെ രക്ഷാപ്രവർത്തനം. 

twins rescued lady from train accident