kaladi-bridge

എം.സി റോഡില്‍ കാലടിയിലെ ഗതാഗതകുരുക്കഴിക്കാനുള്ള നടപടികള്‍ തുടക്കമാകുന്നു. ശ്രീ ശങ്കര പാലത്തിന് സമാന്തരമായി പുതിയ പാലം നിര്‍മിക്കാന്‍ കരാറായി. നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

എം.സി റോഡില്‍ കാലടിക്കും അങ്കമാലിക്കും ഇടയിലെ കനത്ത ഗതാഗതകുരുക്ക് അഴിക്കാന്‍ സമാന്തര പാലം വേണമെന്നത് ജനങ്ങളുടെ വര്‍ഷങ്ങള്‍ പഴക്കമുള്ള ആവശ്യമാണ്. എം,സി റോഡില്‍ ശ്രീ ശങ്കരപാലത്തോട് ചേര്‍ന്ന് തന്നെയാണ് പുതിയ പാലം നിര്‍മിക്കുക. 13നാണ് ഇത് സംബന്ധിച്ച കരാറില്‍ ഒപ്പു വച്ചത്. രണ്ട് വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കണം. 33.92 കോടി രൂപയ്ക്ക് അകേഷ്യ ബില്‍ഡേഴ്സാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്.

19 സ്പാനുകളിലായി 455.4 മീറ്റര്‍ നീളവും വശങ്ങളിലെ നടപ്പാതകളും ഉള്‍പ്പെടെ 14 മീറ്ററായിരിക്കും പാലത്തിന്റെ വീതി. 1963ല്‍ സ്ഥാപിച്ചതാണ് നിലവിലെ പാലം. 15 സ്പാനുകളിലായി 411.48 മീറ്റര്‍ നീളവും നടപ്പാതകള്‍ ഉള്‍പ്പെടെ 9.70 മീറ്റര്‍ വീതിയുമാണുള്ളത്. സമാന്തര പാലത്തിന് പത്ത് വര്‍ഷം മുന്‍പ് ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചിരുന്നു. എന്നാല്‍ പാലവും ബൈപ്പാസ് റോഡും വരേണ്ട ദിശ സംബന്ധിച്ച തര്‍ക്കത്തില്‍ കുടുങ്ങി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും ആരംഭിച്ചിരുന്നില്ല