കുഞ്ഞ് എയ്ഡനു ഇന്നു രണ്ടാം പിറന്നാള്‍. അമ്മയറിയാതെ കുഞ്ഞിനെ ദത്തു നല്‍കി നിയമപോരാട്ടത്തിനൊടുവില്‍ അമ്മയുടെ കൈകളിലെത്തിയ എയിഡന് മാതാപിതാക്കളോടൊപ്പമുള്ള ആദ്യ പിറന്നാള്‍ മധുരം. നിയമപോരാട്ടത്തില്‍ ഒപ്പം നിന്നവര്‍ക്കും, പ്രാര്‍ഥിച്ചവര്‍ക്കും, സമരപരിപാടികള്‍ക്ക് പങ്കാളിയായവര്‍ക്കും നന്ദി പറഞ്ഞാണ് അനുപമയും അജിത്തും മകന്‍റെ പിറന്നാള്‍ ആഘോഷിക്കുന്നത്.  

ഇതു എയിഡന്‍. വയസ് രണ്ടേ ആയുള്ളുവെങ്കിലും ഇതിനിടയില്‍ കേട്ടുകേള്‍വില്ലാത്ത അനുഭവങ്ങള്‍ മറികടന്നതാണ്. ആദ്യപിറന്നാളിനു ഇവന്‍ അമ്മയ്ക്കും അഛനുമൊപ്പമായിരുന്നില്ല. പിറന്നാളും കടന്നു ഒരു മാസം കഴിഞ്ഞാണ് അനുപമയുടേയും അജിത്തിന്‍റേയും കൈകളിലേക്ക് ഇവന്‍ എത്തുന്നത്. അതും നാട് ഇതുവരെ കേട്ടിട്ടില്ലാത്ത നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍. ഇതവന്‍റെ ആദ്യ പിറന്നാള്‍ തന്നെയെന്നു അനുപമ പറയുന്നു.  കനല്‍വഴികളില്‍ ഒപ്പം നിന്നവര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കാനാണ് തീരുമാനമെന്നു അജിത്ത്.  

പോരാട്ടത്തിനൊടുവില്‍ മകനെ കയ്യില്‍ കിട്ടിയതുകൊണ്ടാണ്  ജ്വാല എന്നയെന്നര്‍ഥം വരുന്ന എയിഡന്‍ എന്ന പേരു മകന് നല്‍കിയത്. എന്നാല്‍ മുഖം കാണും മുന്‍പേ കുഞ്ഞിനെ തന്നില്‍ നിന്നകറ്റിയവര്‍ ഇപ്പോഴും അധികാര സ്ഥാനങ്ങളിലിരിക്കുന്നതിന്‍റെ നിസഹായത അനുപമ മറച്ചുവെച്ചില്ല.