manichan-life

കോടീശ്വരനായി ജയിലിലെത്തിയ മണിച്ചൻ അവിടെ നിന്നു മടങ്ങുമ്പോൾ കയ്യിൽ സ്വന്തമായുള്ളത് 4500 രൂപ മാത്രം. ജയിലിൽ വിവിധ തൊഴിലുകൾ ചെയ്തതിനുള്ള പ്രതിഫലമാണിത്.  ഇടതു സർക്കാരിന്റെ കാലത്താണ് മണിച്ചൻ ജയിലിലെത്തുന്നത്. മോചിതനാകുന്നതും മറ്റൊരു ഇടതു സർക്കാർ ഭരിക്കുമ്പോൾ. ജയിലിൽ വരുമ്പോൾ ആഡംബര വാഹനങ്ങൾ ഉൾപ്പെടെ കോടികളുടെ ആസ്തിയുണ്ടായിരുന്നു മണിച്ചന്.

 

ഇനിയുള്ള കാലം കൃഷി ചെയ്തു കഴിയാനാണു താൽപര്യമെന്ന് മണിച്ചൻ ജയിൽ അധികൃതരോടു പറഞ്ഞു. മണിച്ചൻ ജയിൽ വളപ്പിലെ വാഴയും കപ്പയും ചീരയുമെല്ലാം പരിപാലിച്ചിരുന്നു. സെൻട്രൽ ജയിലിലായിരുന്ന മണിച്ചനെ നല്ലനടപ്പിനെത്തുടർന്നാണ് തുറന്ന ജയിലേക്കു മാറ്റിയത്. കേസിൽ പെടുന്നതിനു മുൻപ് മണിച്ചൻ വീടിനടുത്ത് കോഴി ഫാം നടത്തിയിരുന്നു.

 

31 പേരുടെ മരണത്തിനിടയാക്കിയ കല്ലുവാതുക്കൽ മദ്യദുരന്തത്തിന്റെ കേസിൽ  22 വർഷത്തെ ജയിൽ വാസത്തിനു ശേഷമാണ് പ്രതി മണിച്ചൻ മോചിതനായത്. ചിറയിൻകീഴ് കൂന്തള്ളൂർ പട്ടരു മഠത്തിൽ മണിച്ചൻ സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് നെയ്യാറിനടുത്ത് നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്നാണു പുറത്തിറങ്ങിയത്. മകനും സഹോദരനും എസ്എൻഡിപി യോഗം ഭാരവാഹികളും അദ്ദേഹത്തെ കൊണ്ടുപോകാൻ എത്തി. കേസ് പരിഗണിച്ച കീഴ്ക്കോടതി വിധികളുടെ അടിസ്ഥാനത്തിൽ മണിച്ചൻ 30.45 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും പിഴ ഈടാക്കാതെ അടിയന്തരമായി മോചിപ്പിക്കാൻ 3 ദിവസം മുൻപ് കോടതി ഉത്തരവു നൽകുകയായിരുന്നു.

 

കഞ്ഞി വിറ്റായിരുന്നു മണിച്ചന്റെ തുടക്കം. കുറെക്കാലം അതു തുടർന്നു. പിന്നീട് കള്ളുകച്ചവടത്തിലേക്കു മാറി. ചിറയിൻകീഴ് താലൂക്ക് ആശുപത്രിക്കു മുന്നിലായിരുന്നു കഞ്ഞിക്കട.  ഇതിനിടയിലാണ് പ്രദേശത്തെ ഏതാനും അബ്കാരികളുമായി ബന്ധമുണ്ടാകുന്നത്. അതിന്റെ ബലത്തിൽ ശാർക്കരയിലെ കള്ളുഷാപ്പ് ലേലത്തിൽ പിടിച്ചു. ലഹരി കൂടിയ സ്പിരിറ്റ് കള്ളിന്റെ മറവിൽ വിൽക്കാൻ ആരംഭിച്ചതോടെ കച്ചവടവും സമ്പാദ്യവും കൊഴുത്തു. ഒടുവിൽ  മദ്യദുരന്തം മണിച്ചന്റെ ജീവിതം തന്നെ ഇരുട്ടിലാക്കി.