കൊച്ചി എളംകുളത്ത് നേപ്പാളി യുവതിയെ കൊലപ്പെടുത്തിയത് മുന്‍കൂട്ടി തയാറാക്കിയ പദ്ധതി പ്രകാരമെന്ന് സൂചന. വ്യാജ പേരും മേല്‍വിലാസവും ഉപയോഗിച്ചതിന് പുറമെ കൊലയ്ക്ക് ദിവസങ്ങള്‍ക്ക് മുന്‍പേ മൊബൈല്‍ സ്വിച്ചോഫ് ചെയ്തതും പൊലീസിന്റെ സംശയം ബലപ്പെടുത്തുന്നു. പ്രതിയെന്ന് സംശയിക്കുന്ന റാം ബഹദൂര്‍ നേപ്പാളിലേക്ക് കടന്നതായും സൂചന.
കൊല്ലപ്പെട്ട യുവതിയുടെ പേര് ലക്ഷ്മി എന്നതിനപ്പുറത്തേക്ക് സ്ഥിരീകരിക്കാവുന്ന ഒരു വിവരവും പൊലീസിനില്ല. ഇവരുടെ കൂടെ താമസിച്ചിരുന്ന റാം ബഹദൂർ നേപ്പാൾ സ്വദേശിയാണെന്ന് കണ്ടെത്തിയെങ്കിലും നേപ്പാളിൽ എവിടെ നിന്നാണെന്നതിൽ വ്യക്തതയില്ല. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ മൂന്ന് മണിയോടെ ലക്ഷ്മി കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് നിഗമനം. കഴുത്ത് ഞരിച്ചും ശ്വാസം മുട്ടിച്ചുമാണ് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്മോർട്ടത്തിൽ നിന്ന് വ്യക്തമാകുന്നത്. അന്ന് രാത്രി തന്നെ റാം ബഹദൂര്‍ സ്ഥലംവിട്ടു.
മൃതദേഹം അഴുകിയാലും ദുർഗന്ധം പുറത്തുവരുന്നത് തടയാൻ ആദ്യം പ്ലാസ്റ്റിക് കവറിലും പിന്നീട് പുതപ്പിലും കമ്പിളിയിലുമായി പൊതിഞ്ഞുക്കെട്ടിയ നിലയിലായിരുന്നു. കൊലപാതക വിവരം മറച്ചുവച്ചതിനപ്പുറാം രാജ്യം വിടാനുള്ള സമയം ഉറപ്പാകുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്നപൊലീസ് സംശയിക്കുന്നു. മൊബൈല്‍ ഫോണുകള്‍ക്ക് പുറമെ തിരിച്ചറിയല്‍ രേഖകളടക്കമാണ് ഇയാൾ കടന്നത്. ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പര്‍ നാല് ദിവസങ്ങള്‍ക്ക് മുന്‍പേ ഉപേക്ഷിച്ചു പകരം മറ്റൊരു നമ്പറാണ് ഉപയോഗിച്ചിരുന്നത്. റാം ബഹദൂര്‍ എന്ന പേര് പോലും വ്യാജമാണെന്നാണ് പൊലീസിന്റെ നിഗമനം.
പത്ത് വര്‍ഷത്തിലേറെയായി ഇയാള്‍ കൊച്ചിയിലുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കൊച്ചിയിലെ വിഗ് നിര്‍മിച്ച് നല്‍കുന്ന സ്ഥാപനത്തിലെ ജോലിക്കാരനായിരുന്ന ഇയാള്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് വിഗ് നിര്‍മാണം സ്വന്തമായി ആരംഭിച്ചു. കൊലപാതകത്തിൽ കൂടുതൽ പേരുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കളമശേരി മെഡികൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.