താമരശേരിയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികള്‍ക്കായി അന്വേഷണസംഘം അയല്‍സംസ്ഥാനങ്ങളിലേക്ക് നീങ്ങാനൊരുങ്ങുന്നു. കര്‍ണാടകയിലും തമിഴ്നാട്ടിലുമായി പ്രതികള്‍ ഒളിവില്‍ കഴിയുകയാണെന്നാണ് സൂചന. ഇക്കാര്യത്തില്‍ രണ്ടുദിവസത്തിനകം അന്തിമതീരുമാനമെടുക്കും. 

അവേലം സ്വദേശിയായ അബ്ദുല്‍ അഷ്റഫിനെ തട്ടിക്കൊണ്ടുപോയി അജ്ഞാത കേന്ദ്രത്തില്‍ പാര്‍പ്പിച്ച പ്രതികളെക്കുറിച്ച് പൊലിസിന് നിര്‍ണായക സൂചനകള്‍ ലഭിച്ചിട്ടുണ്ട്. പ്രധാന പ്രതി അലി ഉബൈര്‍ അടക്കമുള്ള നാല് പേരെയാണ് ഇനി പിടികൂടാനുള്ളത്. ഇതില്‍ രണ്ട് പേര്‍ കര്‍ണാടകയിലേയ്ക്കും ഒരാള്‍ തമിഴ്നാട്ടിലേയ്ക്കും കടന്നതായാണ് സൂചന. ഇതിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം അയല്‍സംസ്ഥാനങ്ങളിലേയ്ക്ക് തിരച്ചില്‍ വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ ദിവസങ്ങളായി സ്വിച്ച് ഓഫാണ്. ഇത് അന്വേഷണസംഘത്തെ പ്രതിസന്ധിയിലാക്കുന്നു.  മുഹമ്മദ് അഷ്റഫിനെ തട്ടിക്കൊണ്ടുപോയത് കരിപ്പൂര്‍ സ്വര്‍ണകടത്തുസംഘം തന്നെയെന്ന് പൊലിസ് സ്ഥിരീകരിച്ചിരുന്നു. അഷ്റഫിന്‍റെ ഭാര്യ സഹോദരനായ മുക്കം സ്വദേശിയും കാവന്നൂര്‍ സ്വദേശി അബ്ദുല്‍ സലാമും പ്രധാന പ്രതി അലി ഉബൈറുമായി നടത്തിയ സ്വര്‍ണ ഇടപാടുകളാണ് തട്ടിക്കൊണ്ടുപോകലിലേയ്ക്ക് എത്തിയത്.

കാവന്നൂര്‍ സ്വദേശിക്ക് കേരളത്തിലേയ്ക്ക് കടത്താനുള്ള സ്വര്‍ണം അഷ്റഫിന്‍റെ ബന്ധുവായ മുക്കം സ്വദേശി ഗള്‍ഫില്‍ തടഞ്ഞുവച്ചു. ഇതുവിട്ടുകിട്ടാന്‍ ഇടപാടിലെ മറ്റൊരു പങ്കാളിയായ അലി ഉബൈര്‍ തട്ടിക്കൊണ്ടുപോകല്‍ നടപ്പാക്കുകയായിരുന്നു.