uthimoaccident

പത്തനംതിട്ട റാന്നി- ഉതിമൂട് ജംഗ്ഷനിൽ റോഡ് അപകടങ്ങൾ തുടരുമ്പോഴും ഫലപ്രദമായ നടപടി ഉണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍. കഴിഞ്ഞ നാലുമാസത്തിനുള്ളിൽ വലുതും ചെറുതുമായ ഇരുപതോളം അപകടവും മൂന്ന് മരണങ്ങളുമുണ്ടായി. പഠനംനടത്തി സ്ഥിരപരിഹാരം വേണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. 

 

പുനലൂർ മൂവാറ്റുപുഴ റോഡിലേക്ക് കീകൊഴൂർ പേരൂർച്ചാൽ റോഡും എതിർവശത്ത് കുമ്പളാംപൊയ്ക റോഡും ചേരുന്ന നാൽകവലയിലാണ് അപകടം കൂടുതലായി ഉണ്ടാകുന്നത്. അടുത്തയിടെ അപകടങ്ങൾ വർദ്ധിച്ചതോടെ മോട്ടോർ വാഹന വകുപ്പും, പോലീസും, KST P ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചതിനു ശേഷം അപകടങ്ങൾ കുറയ്ക്കാൻ തീരുമാനങ്ങൾ എടുത്തെങ്കിലും സിഗ്നല്‍ ലൈറ്റല്ലാതെ കാര്യമായ നടപടി ഉണ്ടായില്ല. റോഡ് വികസനത്തിനായി ഏറ്റെടുത്ത ഭൂമി പൂർണ്ണമായും വിനിയോഗിക്കപ്പെട്ടില്ല, ആവശ്യത്തിന് വീതിയില്ലാത്തതും പ്രശ്നമാണ്. ഉപറോഡിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് കാഴ്ച മറയ്ക്കുന്ന രീതിയിലുള്ള കെട്ടിടങ്ങളും അശാസ്ത്രീയ നിർമാണങ്ങളുമാണ് പ്രധാന തടസ്സം. ജംഗ്ഷനിൽ ഇരുവശത്തും ബസ്സുകൾ ആളുകളെ കയറ്റി ഇറക്കുന്നതു മൂലം ഗതാഗത തടസ്സമുണ്ടാകുന്നു. 

 

ജംഗ്ഷനിൽ നിന്നും ബസ്സ് സ്റ്റോപ് മാറ്റി സ്ഥാപിക്കുക ,സ്വകാര്യ വാഹനങ്ങളൂടെ ജംഗ്ഷനിലെ പാർക്കിങ്ങ് ഒഴിവാക്കുക, ബസ് ബേയായി പ്രധാന നിരത്തിൻ്റെ വശങ്ങളിൽ അടയാളപ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങളാണ് നാട്ടുകാര്‍ക്ക് മുന്നോട്ട് വയ്ക്കാനുള്ളത്.