dyfi-post

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി വർധിപ്പിക്കാനുള്ള തീരുമാനം പിൻവലിച്ച സർക്കാരിനെ അഭിനന്ദിച്ച് ഡിവൈഎഫ്ഐ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് സർക്കാരിന്റെ ഈ തീരുമാനത്തെ ഡിവൈഎഫ്ഐ പ്രശംസിച്ചത്. പെൻഷൻ പ്രായം 60 ആക്കി ഉയർത്തുന്നതിനെതിരെ സംഘടന വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ‘യുവജനതയുടെ തൊഴിൽ സ്വപ്നങ്ങൾ സാർത്ഥകമാക്കാൻ നിലപാട് സ്വീകരിച്ച സംസ്ഥാന സർക്കാറിന് അഭിവാദ്യങ്ങൾ’ എന്നാണ് കുറിപ്പിൽ പറയുന്നത്.

 

മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്. തൽക്കാലത്തേക്ക് തുടർനടപടികൾ വേണ്ടെന്നാണ് തീരുമാനം. സംസ്ഥാന സർക്കാരിനു കീഴിലെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും വിരമിക്കൽ പ്രായം 58ൽ നിന്ന് 60 ആക്കി കഴിഞ്ഞ ശനിയാഴ്ചയാണ് സർക്കാർ ഉത്തരവിറക്കിയത്. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പൊതുമാനദണ്ഡം നിശ്ചയിക്കാൻ 2017ൽ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശ കണക്കിലെടുത്തായിരുന്നു സർക്കാർ തീരുമാനം. എന്നാൽ, ഈ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയർന്നത്.

 

കുറിപ്പ് ഇങ്ങനെ:

 

പൊതു മേഖലാ സ്ഥാപനങ്ങളിൽ സേവന വേതന വ്യവസ്ഥകൾ ഏകീകരിക്കുന്നതിന്റെ ഭാഗമായി ധനവകുപ്പ് ഇറക്കിയ ഉത്തരവിൽ പെൻഷൻ പ്രായം 60 ആക്കി വർദ്ധിപ്പിച്ച തീരുമാനം ഉണ്ടായിരുന്നു.ഈ ഉത്തരവ് ശ്രദ്ധയിൽ പെട്ട ഉടനെ ഡിവൈഎഫ്ഐ ശക്തമായി വിയോജിപ്പ് രേഖപ്പെടുത്തുകയും പിൻവലിക്കണ മെന്ന് സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സംസ്ഥാന സർക്കാർ ആവശ്യം പരിശോധിക്കുകയും യുവജന താൽപര്യം പരിഗണിച്ച് ഉത്തരവ് പിൻവലിക്കുകയും ചെയ്തിരിക്കയാണ്. യുവജനതയുടെ തൊഴിൽ സ്വപ്നങ്ങൾ സാർത്ഥകമാക്കാൻ നിലപാട് സ്വീകരിച്ച സംസ്ഥാന സർക്കാറിന് അഭിവാദ്യങ്ങൾ.