വെറ്റിലയ്ക്ക് വന്‍ വിലയിടിവ്. ഒരാഴ്ച മുൻപ് ഒരു കെട്ട് വെറ്റിലയ്ക്ക് 60 രൂപ വരെ വിലയുണ്ടായിരുന്നിടത്ത് ഇപ്പോൾ 15 രൂപയായി കുറഞ്ഞു. പരിപാലന ചെലവ് ഉയരുന്നതിനാൽ ദുരിതമെന്ന് പത്തനംതിട്ട അടൂരിലെ കര്‍ഷകര്‍.
ഉയർന്ന പരിപാലന ചെലവ്, ഈറ്റ ക്ഷാമം, തുടങ്ങിയവ നേരിടേണ്ടി വരുമ്പോഴാണ് കാലാവസ്ഥയും പ്രതികൂലമാകുന്നത്. 10 സെന്റിൽ കൃഷിയിറക്കണമെങ്കിൽ അൻപതിനായിരം രൂപയിലധികം ചെലവഴിക്കണം. വെറ്റില പടരാന്‍ നാട്ടുന്ന ഈറ്റയ്ക്കും വില കയറുകയാണ്. വിളവെടുത്ത് അടുക്കി ചന്തയിൽ എത്തിക്കണമെങ്കിൽ നാലുപേരുടെ സഹായം വേണം. കഴിഞ്ഞ മൂന്നു വർഷമായുള്ള കനത്ത മഴ കൃഷിക്ക് പ്രതികൂലമാകുന്നു. കാറ്റിലും മഴയിലും കൃഷി നാശമുണ്ടായി. കൊടി തറപറ്റിയാൽ പുനസ്ഥാപിക്കുന്നത് ശ്രമകരമായ ജോലിയാണ്. വെള്ളത്തിൽ മുങ്ങിയാൽ കൃഷി വീണ്ടെടുക്കാനും കഴിയില്ല. രണ്ടു വർഷം മുൻപ് ഒരു കെട്ട് വെറ്റിലയ്ക്ക് 200 രൂപവരെ വില ഉയർന്നിരുന്നു. ബാംബൂ കോര്‍പറേഷനില്‍ നിന്ന് ഈറ്റ വാങ്ങി തോട്ടത്തിലെത്തിക്കുന്നതിന്റെയും ചെലവ് കൂടി.
തമിഴ് വെറ്റില എത്തുന്നതാണ് നാടന്‍ വെറ്റിലയുടെ വിലയിടിയുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന്. വെറ്റില വിപണി നിയന്ത്രിക്കാൻ കർഷക കൂട്ടായ്മയുമില്ല. വെറ്റിലയ്ക്ക് അടിസ്ഥാന വില നിശ്ചയിക്കണമെന്ന ആവശ്യമാണ് കര്ഷകന് ഉന്നയിക്കുന്നത്