TAGS

കഴക്കൂട്ടം എലവേറ്റഡ് ഹൈവേ നാളെ ഗതാഗതത്തിന് തുറന്നുകൊടുക്കില്ല. അവസാനഘട്ട മിനുക്കുപണികള്‍ പൂര്‍ത്തിയാകാനുള്ളതിനാല്‍ അടുത്തമാസം ആദ്യം തുറന്നുകൊടുക്കുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു. കേന്ദ്ര സംസ്ഥാന പങ്കാളിത്തത്തോടെ നിര്‍മിക്കുന്ന പാത ഗതാഗത യോഗ്യമാകുന്നതോടെ കഴക്കൂട്ടത്തെ വന്‍ ഗതാഗതക്കുരുക്കിന് പരിഹാരമാകും. 

 

നാലുവരി പാത  195.5 കോടി ചെലവിലാണ് പൂര്‍ത്തീകരിച്ചത്. രണ്ടു വർഷം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് 2018 ഡിസംബറിലാണ് നിർമാണം ആരംഭിച്ചത്. സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട്  വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനമില്ലായ്മവും കോവിഡും കാരണം ഉദ്ദേശിച്ച സമയത്ത് പൂര്‍ത്തിയാക്കാനായില്ല. ചെളിക്കുഴിയില്‍ വീണ് യാത്രക്കാര്‍ക്ക് പരുക്കു പററുന്നത് നിത്യസംഭവമായതോടെ പ്രതിഷേധം ശക്തമായി. പണികള്‍ വേഗത്തിലായി. പണി പുരോഗമിക്കുമ്പോള്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പദ്ധതി സ്ഥലം സന്ദർശിച്ചതുമായി ബന്ധപ്പെട്ട് വിവാദമുയര്‍ന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍   കേന്ദ്ര മന്ത്രിയുടെ സന്ദർശനത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. കേന്ദ്ര സംസ്ഥാന അവകാശ പോരിനിടെ ഔദ്യോഗിക  ഉദ്ഘാടനമില്ലാതെ ഹൈവേ തുറന്നുകൊടുക്കാനാണ് തീരുമാനം. സർവീസ്  റോഡിന്റേയും ഗാരേജ് വേയുടെയും നിർമാണമാണ് ബാക്കിയുള്ളത്.