അമ്മയോടൊപ്പം തന്നെ കാണാൻ വന്ന രണ്ട് കുഞ്ഞു മക്കളുടെ വിശേഷങ്ങൾ പങ്കുവച്ച് ആലപ്പുഴ കലക്ടർ വി ആര്‍ കൃഷ്ണ തേജ ഐഎഎസ്. കോവിഡ് കാരണം  അച്ഛനെ നഷ്ട്ടപ്പെട്ട ഇവർക്ക് സ്വന്തമായി ഒരു കിടപ്പാടം ഇല്ലെന്ന സങ്കടം പങ്കുവയ്ക്കാനാമാണ് കലക്ടറെ കാണാൻ എത്തിയത്. ഇവരോട് കലക്ടർ മൂന്ന് വാഗ്ദാനങ്ങളാണ് ആവശ്യപ്പെട്ടത്. 

 

കലക്ടർ വി ആര്‍ കൃഷ്ണ തേജ ഐഎഎസ് പങ്കുവച്ച കുറിപ്പ്:

 

കേട്ടിട്ട് ആശയക്കുഴപ്പത്തിലായല്ലേ. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുൻപ് എന്റെ ഓഫീസിൽ നടന്ന ഒരു സംഭവമാണിത്. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് രണ്ട് കുഞ്ഞ് മക്കൾ അവരുടെ അമ്മയോടൊപ്പം എന്റെ അടുത്ത് വരുന്നത്. കോവിഡ് കാരണം ഈ മക്കൾക്ക് അവരുടെ അച്ഛനെ നഷ്ടമായെന്നും സ്വന്തമായി ഒരു കിടപ്പാടം ഇല്ലെന്നുമുള്ള സങ്കടം പങ്കുവെക്കാനുമാണ് ഈ മക്കൾ എന്നെ കാണാനായി വന്നത്.

 

ഒരു മാസത്തിന് ശേഷം ഇന്ന് ഇവരുടെ വീടിന്റെ ഫൗണ്ടേഷൻ അടക്കമുള്ള നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്. വീആർ ഫോർ ആലപ്പി പദ്ധതിയുടെ ഭാഗമായാണ് ഈ മക്കൾക്കും അവരുടെ അമ്മയ്ക്കും വീട് നിർമിച്ച് നൽകുന്നത്. ഇതിന് പകരമായി ഞാൻ ഇവരോട് വാങ്ങിയതാണ് ഈ മൂന്ന് വാഗ്ദാനങ്ങൾ. 

 

1. നന്നായി പഠിച്ച് ഇഷ്ടപ്പെട്ട മേഖലയിൽ കഴിവ് തെളിയിക്കണം.

 

2. അമ്മയെ പോന്ന് പോലെ നോക്കണം.

 

3. വലുതായി മറ്റുള്ളവരെ സഹായിക്കാനുള്ള സ്ഥിതിയിലെത്തുമ്പോൾ നമുക്ക് ചുറ്റും ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ മടി കൂടാതെ സഹായിക്കണം. 

 

ഈ രണ്ട് മക്കളും ഈ വാഗ്ദാനങ്ങൾ പാലിക്കുമെന്ന് എനിക്ക് വാക്ക് നൽകിയിട്ടുണ്ട്. ഇവരിത് പാലിക്കുമെന്ന് എനിക്ക് ഉറപ്പാണ്. 

 

നമുക്ക് ചുറ്റം ബുദ്ധിമുട്ടും ദുരിതവും അനുഭവിക്കുന്ന എല്ലാവരെയും നമ്മൾ മടി കൂടാതെ ചേർത്ത് നിർത്തണം. 

 

എന്റെ പ്രിയപ്പെട്ട മക്കൾ എല്ലാവരും നല്ലവരായി വളരണം കേട്ടോ.. ഒരുപാട് സ്നേഹത്തോടെ...