റീ ബില്‍ഡ് കേരള പദ്ധതിയില്‍പ്പെടുത്തി ഇടുക്കി ജില്ലയിലെ മാങ്കുളം ഗ്രാമപഞ്ചായത്തിലെ പട്ടയ ഭൂമി പൂര്‍ണമായും ഒഴിപ്പിച്ചെടുക്കാനുള്ള നീക്കവുമായി വനംവകുപ്പ്. വന്യമൃഗങ്ങളോട് പടവെട്ടി ജീവിതം കരുപ്പിടിപ്പിച്ച ഒരു കൂട്ടം മനുഷ്യരാണ് സ്വയം സന്നദ്ധത പദ്ധതിയെന്ന പേരില്‍ സര്‍ക്കാര്‍ നല്‍കുന്ന തുച്ഛമായ നഷ്ടപരിഹാര തുക വാങ്ങി ജന്മനാട് വിട്ടൊഴിയാന്‍ നിര്‍ബന്ധിതരാകുന്നത്. 

മൂന്ന് അതിര്‍ത്തികളും വനത്താല്‍ ചുറ്റപ്പെട്ടതാണ് മാങ്കുളം. 123 സ്ക്വയര്‍ കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള മാങ്കുളം പഞ്ചായത്തിലെ 2001ലെ സെന്‍സസ് പ്രകാരം 9595 ആയിരുന്നു ജനസംഖ്യ. 90 ശതമാനവും കാര്‍ഷിക വൃത്തിയില്‍ ഉപജീവനം തേടുന്നവരും. വന്യമൃഗശല്യം കനത്തതോടെ  കുറയേറെ കുടുംബങ്ങള്‍ മാങ്കുളം വിട്ടു. പുതിയ കണക്ക് അനുസരിച്ച് ഇവിടെ ഇപ്പോള്‍ ബാക്കിയുള്ളത് 1257 കുടുംബങ്ങളിലായി അയ്യായിരത്തോളം പേര്‍ മാത്രം. വന്യജീവികളോട് പടവെട്ടിയാണെങ്കിലും സ്വന്തം ഭൂമിയില്‍ നിന്ന് മാറി പോകാന്‍ മനസില്ലാത്തവരാണ് ഇവരെല്ലാം തന്നെ.  ഇതില്‍ ഇരുപത്തിയഞ്ച് ശതമാനവും ആദിവാസി വിഭാഗവും. ഇക്കൂട്ടത്തില്‍ പട്ടയമുള്ള കുടുംബങ്ങളെയാണ് സ്വയം സന്നദ്ധത പുനരധിവാസ പദ്ധതി പ്രകാരം ഒഴിഞ്ഞ് പോകാന്‍ വനംവകുപ്പ് പ്രേരിപ്പിക്കുന്നത്. വനത്തിനകത്തെ സെറ്റില്‍മെന്റുകളില്‍ താമസിക്കുന്നവരുടേയും വനാതിര്‍ത്തിയോട് ചേര്‍ന്ന് പതിറ്റാണ്ടുകളായി കഴിയുന്ന പട്ടയമില്ലാത്ത കുടുംബങ്ങളുടേയും പുനരധിവാസം പക്ഷേ വനംവകുപ്പ് ഉറപ്പ് നല്‍കുന്നുമില്ല. ശക്തമായ പ്രതിരോധത്തിലൂടെ പദ്ധതിക്കെതിരെ പ്രതിരോധം തീര്‍ക്കുകയാണ് മാങ്കുളത്തെ കര്‍ഷക കുടുംബങ്ങള്‍. അതിനാല്‍ തന്നെ പദ്ധതിയുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ മാങ്കുളത്ത് നടപ്പാക്കാന്‍ വനംവകുപ്പിന് ആകുന്നുമില്ല.