വയനാട്ടില്‍ ആവശ്യത്തിന് ചികിത്സാ സൗകര്യങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ പുല്‍പള്ളി സ്വദേശിയായ രാജന്‍റെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്ന് കുടുംബം.
ആധുനിക ചികിത്സാ സൗകര്യങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ രാജനെ വയനാട് മെഡിക്കല്‍ കോളജില്‍ എത്തിക്കാന്‍ മടിച്ചത്. ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പടെ കയ്യൊഴിഞ്ഞതോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴി രാജന്‍ മരിക്കുകയായിരുന്നു. തണലാകേണ്ട മകന്‍ എരിഞ്ഞടങ്ങുന്നതുകണ്ട അമ്മയുടെ കണ്ണുകള്‍. എരിയപ്പള്ളിയിലെ വീട്ടില്‍ ആരോടും അധികം മിണ്ടാതെ ലക്ഷ്മിയമ്മ ഈ നില്‍പ്പ് തുടങ്ങിയിട്ട് ഇന്നേക്ക് 19 ദിവസം. ജനുവരി 1 നാണ് നെല്ലിമണ്ണില്‍ രാജന്‍ തെങ്ങുവീണുണ്ടായ അപകടത്തില്‍ മരിച്ചത്. വിദഗ്ധ ചികിത്സ നല്‍കാന്‍ വൈകിയതാണ് രാജന്‍റെ ജീവന്‍ നഷ്ടമാകാന്‍ കാരണമെന്ന് സഹോദരന്‍ ജയപ്രകാശ് പറയുന്നു. മതിയായ ചികിത്സ നല്‍കാനുള്ള സൗകര്യങ്ങള്‍ വയനാട് മെഡിക്കല്‍ കോളജില്‍ ഇല്ലെന്ന് ബോധ്യമുള്ളതുകൊണ്ട് രാജനെ ആദ്യം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ആരോഗ്യനില വീണ്ടും മോശമായതോടെ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ളതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാനായിരുന്നു നിര്‍ദ്ദേശം. പക്ഷേ ആംബുലന്‍സ് ചുരമിറങ്ങും മുമ്പ് വൈത്തിരിക്ക് സമീപം രാജന്‍ അത്യാസന്നനിലയിലായി. അവസാന ശ്രമമെന്നോണം വൈത്തിരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
രാവിലെ 9.30യ്ക്കാണ് വീടിനുസമീപം അപകടം നടന്നത്. മരണം വൈകിട്ട് ആറരയോടെ. രാജന്‍റെ ജീവനും കയ്യില്‍പിടിച്ച് കുടുംബം അലഞ്ഞത് മണിക്കൂറുകള്‍. വീട്ടില്‍ നിന്നും ഒരു മണിക്കൂര്‍ കൊണ്ട് എത്താവുന്ന വയനാട് മെഡിക്കല്‍ കോളജില്‍ രാജനെ എത്തിക്കാനുള്ള ധൈര്യം ഈ കുടുംബത്തിന് ഇല്ലാതെപോയത് എന്തുകൊണ്ടാണ്. വയനാട് മെഡിക്കല്‍ കോളജില്‍ നിന്നും റഫര്‍ ചെയ്ത് ചുരമിറങ്ങി കോഴിക്കോട് എത്തുന്ന രോഗികള്‍ തന്നെയാണ് അതിനുത്തരം. എല്ലാ വയനാട്ടുകാരെയും പോലെ രാജന്‍റെ കുടുംബം ചോദിക്കുകയാണ്. ചുരത്തിന് മുകളിലും മനുഷ്യരുണ്ടെന്ന് സര്‍ക്കാര്‍ മറന്നുപോയോ ?