ashawb

 കുന്നിക്കുരു കഴിച്ചതിനെ തുടർന്ന് ഭർതൃവീട്ടിൽ അവശനിലയിലായി ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ച യുവതിയുടെ മൃതദേഹം അവസാനമായി കാണാനും അന്ത്യ കർമങ്ങൾ നടത്താനും ഭർതൃവീട്ടുകാർ മക്കളെ വിട്ടു നൽകാത്തത് സംസ്കാര ചടങ്ങു മണിക്കൂറുകളോളം വൈകിപ്പിച്ചു. ഒടുവിൽ പൊലീസ് കാവലിൽ മക്കളെയെത്തിച്ചു സംസ്കാരം നടത്തി. പാവറട്ടി മരുതയൂർ നട്ടാണി പറമ്പിനടുത്ത് താമസിക്കുന്ന കവര വീട്ടിൽ വേലുകുട്ടിയുടെ മകൾ ആശയുടെ (35) സംസ്കാര ചടങ്ങാണ് തടസ്സപ്പെട്ടത്.

നാട്ടിക എസ്എൻ കോളജിന് സമീപം പനങ്ങാട്ടിൽ കൃഷ്ണൻകുട്ടിയുടെ മകൻ സന്തോഷിന്റെ ഭാര്യയാണ് ആശ. ഈ മാസം 12നാണ് ആശ കുന്നിക്കുരു കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ 18ന് മരിച്ചു. 12 വർഷം മുൻപായിരുന്നു ആശയുടെയും സന്തോഷിന്റെയും വിവാഹം. സഞ്ജയ് (7), ശ്രീറാം (4) എന്നീ ആൺ മക്കളാണ് ഇവർക്കുള്ളത്. മാനസിക പീഡനമാണ് ജീവനൊടുക്കാൻ കാരണമായതെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ആശയുടെ ബന്ധുക്കൾ പൊലീസിനും വനിതാ കമ്മിഷനും പരാതി നൽകിയിരുന്നു. 

ഇന്നലെ ‌പോസ്റ്റ്മോർട്ടത്തിനു ശേഷം തൃശൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നു മൃതദേഹം കൊണ്ടുപോകുന്നതു സംബന്ധിച്ച് ഭർതൃവീട്ടുകാരും ആശയുടെ വീട്ടുകാരും തമ്മിൽ തർക്കമായി. പാവറട്ടിയിലെ വീട്ടിൽ അര മണിക്കൂർ പൊതു ദർശനത്തിന് ശേഷം മൃതദേഹം നാട്ടികയിലെ വീട്ടിലെത്തിച്ച് സംസ്കരിക്കാമെന്ന് ആശയുടെ ബന്ധുക്കൾ പറഞ്ഞു. എന്നാൽ ഭർതൃവീട്ടുകാർ ഇതു സമ്മതിച്ചില്ല. തർക്കത്തിനൊടുവിൽ മൃതദേഹം ആശയുടെ ബന്ധുക്കൾക്കാണു പൊലീസ് വിട്ടു നൽകിയത്. സംസ്കാരം പാവറട്ടിയിലെ വീട്ടിൽ രാവിലെ 10ന് നടത്താനും അന്ത്യ കർമങ്ങൾക്ക് മക്കളെ എത്തിക്കാനും ധാരണയിലെത്തിയിരുന്നു. 

എന്നാൽ സംസ്കാര കർമങ്ങൾക്കു മക്കളെ ഭർ‍തൃവീട്ടുകാർ എത്തിക്കാതിരുന്നതു രംഗം വഷളാക്കി. തുടർന്നു മരണ വീട്ടിലെത്തിയ മുരളി പെരുനെല്ലി എംഎൽഎ കലക്ടറുമായി ബന്ധപ്പെട്ടു. കലക്ടറുടെ ഇടപെടലിൽ കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എം. ശങ്കർ വലപ്പാട് പൊലീസ് സ്റ്റേഷനിലെത്തി ഭർതൃവീട്ടുകാരുമായി സംസാരിച്ചു. ഒടുവിൽ ഭർത്താവിന്റെ ബന്ധുക്കളുടെയും പഞ്ചായത്ത് അംഗത്തിനുമൊപ്പം പൊലീസ് കാവലിൽ മക്കളെ ഉച്ചയ്ക്കു 2ന് പാവറട്ടിയിലെ വീട്ടിലെത്തിച്ച് സംസ്കാരം നടത്തി.