TAGS

എറണാകുളം ജില്ലയില്‍ രണ്ട് കുട്ടികള്‍ക്ക് നോറ വൈറസ് ബാധ സ്ഥരീകരിച്ചു. കാക്കനാട് സ്വകാര്യ സ്കൂളിലെ ഒന്ന്, രണ്ട് ക്ലാസുകളില്‍ പഠിക്കുന്ന രണ്ട് കുട്ടികള്‍ക്കാണ് രോഗബാധ. ജില്ലയില്‍ നോറ വൈറസ് പ്രതിരോധം ശക്തമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഈ സ്കൂളിലെ 62 കുട്ടികള്‍ക്കാണ് രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. സ്കൂള്‍ താല്‍ക്കാലികമായി അടച്ചു

 

ഒരേ സ്കൂളിലെ 62 വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കളില്‍ ചിലര്‍ക്കും രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്നാണ് രണ്ട് പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായച്ചത്. ഇത് രണ്ടും പൊസിറ്റീവായി. ഇതോടെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ മുഴുവന്‍ പേരേയും നിരീക്ഷണത്തിലാക്കി. മൂന്ന് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. സ്കൂള്‍ താല്‍ക്കാലികമായി അടച്ച ശേഷം മുഴുവന്‍ ക്ലാസ് മുറികളും ശുചിമുറികളും അണുവിമുക്തമാക്കി. ഒാണ്‍ൈലനായി ബോധവത്കരണ ക്ലാസുകളും നല്‍കുന്നുണ്ട്. കുടിവെള്ള സ്രോതസുകളില്‍ നിന്നുള്ള സാമ്പിളുകളും പരിശോധനയ്ക്കായ് അയച്ചു.

 

മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. ആരോഗ്യമുള്ളവരെ നോറ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമാവര്‍, മറ്റ് അനുബന്ധ രോഗങ്ങള്‍ ഉള്ളവര്‍ എന്നിവരെ രോഗം ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്. രോഗം ബാധിച്ച വ്യക്തികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പടരും. വളരെ പെട്ടെന്ന് പടരുന്ന വൈറസ് ആയതിനാല്‍ തന്നെ അതീവ ശ്രദ്ധയും വേണം. വയളിറക്കം, ഛര്‍ദി, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. കുടിവെള്ള സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിച്ചാല്‍ മാത്രമേ വൈറസ് ബാധയുടെ  ഉറവിടം സ്ഥിരീകരിക്കാന്‍ കഴിയൂ. ജില്ലയിലുടനീളം ആരോഗ്യവകുപ്പ് നോറ വൈറസിനെതിരായ പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങളും ശക്തമാക്കുകയാണ്. 

 

Two children infected with Nora virus in Ernakulam