കേന്ദ്ര ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് വനംമന്ത്രി എ.കെ.ശശീന്ദ്രൻ നടത്തിയ പ്രസ്താവന തെറ്റെന്ന് രേഖകൾ. വന്യജീവി ആക്രമണം രൂക്ഷമല്ലാത്തതുകൊണ്ടാണ് ഫണ്ട് ചിലവഴിക്കാതിരുന്നത് എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. എന്നാൽ രേഖകൾ പ്രകാരം നിരവധി പേരെയാണ് കഴിഞ്ഞ ഏതാനും വർഷങ്ങളിലായി കാട്ടാന കൊലപ്പെടുത്തിയത്.

 

വന്യമൃഗ ആക്രമണം പ്രതിരോധിക്കാൻ കേന്ദ്രം അനുവദിച്ച ഫണ്ട് ചിലവഴിക്കാതെ വനം വകുപ്പ് അലംഭാവം കാണിച്ചെന്ന വാർത്ത മനോരമ ന്യൂസ് പുറത്തുവിട്ടത് ജനുവരി ഏഴിനാണ്. കാട്ടാനയുടെ ആക്രമണത്തില്‍ സംസ്ഥാനത്ത് എട്ട് വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 158 പേരെന്നും വാർത്തയിലുണ്ടായിരുന്നു. എന്നാൽ ജനുവരി 15ന് കോഴിക്കോട് മാധ്യമങ്ങളെ കണ്ടപ്പോൾ എ.കെ.ശശീന്ദ്രൻ പറഞ്ഞതിങ്ങനെ

 

"ആദ്യത്തെ അഞ്ചാറു കൊല്ലം ഫണ്ട് വിനിയോഗിക്കേണ്ട ആവശ്യം വന്നില്ല. അന്നൊന്നും വന്യമൃഗ ആക്രമണം ഇത്ര ഗുരുതരമല്ല. എന്നാൽ ഇപ്പോൾ നമ്പർ കൂടി. കേന്ദ്രം നൽകുന്ന ഫണ്ട് ആ വർഷം തന്നെ ചിലവാക്കേണ്ടതാണ്. എന്നാൽ ആ വർഷം ഒരു ആനയും ഒരാളെയും കൊന്നില്ല. കൊല്ലപ്പെടാൻ സാധ്യതയുള്ളവർക്കായി ആ പണം ചിലവാക്കാൻ പറ്റുമോ? വന്യമൃഗ ആക്രമണം ഈ കൊല്ലമാണ് ഇത്ര രൂക്ഷമായത്. കഴിഞ്ഞവർഷം ഇത്രയും ഇല്ല. അതിനു മുൻപത്തെ വർഷം ഇല്ല."

 

മന്ത്രി പറഞ്ഞതിലെ വാസ്തവം എന്താണ്? മുൻവർഷങ്ങളിൽ വന്യമൃഗ ആക്രമണം ഇത്രയും ഉണ്ടായിട്ടില്ലേ? വിശദമായ കണക്കുകൾ ഇങ്ങനെ.

 

2014-15 - 20

2015-16 - 6

2016-17 - 33

2017-18 - 15

2018-19 - 27

2019-20 - 12

2020-21 - 20

2021-22 - 25

 

അതായത്, മന്ത്രി പറഞ്ഞത് വസ്തുതാവിരുദ്ധമെന്ന് വ്യക്തം. എട്ട് വര്‍ഷത്തിനിടെ കേന്ദ്രം അനുവദിച്ച 77 കോടി രൂപയില്‍ കേരളം ചെലവിട്ടത് 42 കോടി മാത്രമാണ്. ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾക്കാണ് തെറ്റിദ്ധരിപ്പിക്കുന്ന മന്ത്രിയിൽ നിന്നും ഉണ്ടായത്.

 

AK Saseendran's statement that wildlife attack is not severe is wrong