അവിശ്വാസികളോട് തനിക്ക് സ്നേഹമില്ലെന്നും വിശ്വാസികളുടെ അവകാശങ്ങളുടെ നേർക്ക് വരുന്നവരുടെ സർവനാശത്തിന് വേണ്ടി പ്രാർഥിക്കുമെന്നുമുള്ള സുരേഷ് ഗോപിയുടെ വാക്കുകളാണ് ഇപ്പോൾ സൈബർ ഇടങ്ങളിൽ നിറയുന്നത്. വിഡിയോകളിലൂടെയും ട്രോളുകളിലുടെയും അദ്ദേഹത്തിന്റെ വാക്കുകൾ വൈറലാണ്. ശിവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ വാക്കുകൾ.

 

‘ലോകമെങ്ങുമുള്ള വിശ്വാസികളായ മനുഷ്യരെ ഞാൻ സ്നേഹിക്കും. അത് എല്ലാ മതത്തിലെയും വിശ്വാസികളെ സ്നേഹിക്കും. അതേ സമയം അവിശ്വാസികളോട് ഒട്ടും സ്നേഹമില്ലെന്നും ‍ഞാൻ ചങ്കൂറ്റത്തോടെ പറയും. വിശ്വാസികളുടെ അവകാശങ്ങളുടെ നേർക്ക് വരുന്ന ഒരു ശക്തിയോടും പൊറുക്കാനാകില്ല. അങ്ങനെ വരുന്നവരുടെ  സർവനാശത്തിന് വേണ്ടി ഞാൻ ഈ ശ്രീകോവിലിന് മുന്നിൽ പ്രാർഥിക്കും. എല്ലാവരും അങ്ങനെ ചെയ്യണം. ആരെയും ഉപദ്രവിക്കാനല്ല നമ്മുടെ ഭക്തി. എന്നാൽ നമ്മുടെ ഭക്തിയെയും ഭക്തി സ്ഥാപനങ്ങളെയും നിന്ദിക്കാൻ  വരുന്ന ഒരാൾ പോലും സമാധാനത്തോടെ നല്ല ജീവിതം ജീവിച്ച് ഈ ലോകത്ത് അവസാനിപ്പിക്കാൻ അന്തരീക്ഷം ഒരുങ്ങിക്കൂടാ. ‍ഞാൻ ആരെയൊക്കെയാണ് ഉദ്ദേശിച്ചതെന്ന്...  അങ്ങനെയുള്ളത് പറഞ്ഞാൽ രാഷ്ട്രീയമാകും. അതുകാെണ്ട് പറയുന്നില്ല.’ സുരേഷ്ഗോപി പറയുന്നു.