കോഴിക്കോട് കനോലി കനാല്‍ ശുചീകരണ യജ്ഞത്തിന് തുടക്കമായി. സന്നദ്ധ സംഘടനകളുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും സഹകരണത്തോടെ ജനകീയ പങ്കാളിത്തത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ശുചീകരണപ്രവൃത്തികള്‍ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഫ്ലാഗ്ഓഫ് ചെയ്തു.
കല്ലായി മുതല്‍ കോരപ്പുഴ വരെ പതിനൊന്നര കിലോമീറ്റര്‍ ദൂരം എട്ട് സെക്ടറുകളായി തിരിച്ചാണ് ശുചീകരണം. കോര്‍പ്പറേഷന്റെ തൊഴിലുറപ്പ്, ആരോഗ്യവിഭാഗം സന്നദ്ധപ്രവര്‍ത്തകര്‍ക്കൊപ്പം ജലസേചനം, പൊലീസ്, ഫയര്‍ഫോഴ്സ്, വനം, വൈദ്യുതി, പൊതുമരാമത്ത് വകുപ്പ് എന്നിവരും സേവനരംഗത്തുണ്ട്. കനാലിലെ പായലും പ്ലാസ്റ്റിക്കും നീക്കി, ചെളി കോരിമാറ്റി ഒഴുക്ക് വീണ്ടെടുക്കുകയാണ് ലക്ഷ്യം. കനാല്‍ പരിസരങ്ങളും വൃത്തിയാക്കുന്നുണ്ട്. കനാല്‍ സിറ്റി ഉള്‍പ്പടെയുള്ള പദ്ധതികള്‍ കോഴിക്കോടിന്റെ മുഖച്ഛായ മാറ്റുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. മഴക്കാലം പടിവാതില്ക്കല് എത്തിനില്‍ക്കുന്നതിനാല്‍ ശുചീകരണ യജ്ഞം വേഗത്തിലാക്കാനാണ് തീരുമാനം.