കൊല്ലം നിലമേലില്‍ പേവിഷബാധയുളള കാട്ടുപൂച്ചയുടെ കടിയേറ്റ് ഗൃഹനാഥന്‍ മരിച്ചതിന് പിന്നാലെ ആക്രമണകാരിയായ കാട്ടുപൂച്ചയെ കണ്ടെത്താന്‍ വനംവകുപ്പ് തിരച്ചില്‍ തുടരുന്നു. കുമ്മിള്‍ ദർപ്പക്കാട്ടില്‍ കാട്ടുപൂച്ചയെ കണ്ടതായി നാട്ടുകാര്‍ അറിയിച്ചതോടെ വനംവകുപ്പ് നിരീക്ഷണ ക്യാമറ സ്ഥാപിച്ചു. പത്തുദിവസം മുന്‍പ് അഞ്ച് ആടുകളെ കാട്ടുപൂച്ച കൊന്നിരുന്നു.കടയ്ക്കല്‍ ഗ്രാമപഞ്ചായത്തിനോട് അതിര്‍ത്തിപങ്കിടുന്ന കുമ്മിള്‍ ഗ്രാമപഞ്ചായത്തിലെ അഞ്ചാംവാര്‍ഡില്‍ ഉള്‍പ്പെടുന്ന ദര്‍പ്പക്കാട് പ്രദേശത്താണ് വീണ്ടും കാട്ടുപൂച്ചയെ നാട്ടുകാര്‍ കണ്ടത്.നിലമേല്‍ സ്വദേശി മുഹമ്മദ് റാഫിയുടെ മരണത്തിന് കാരണമായ കാട്ടുപൂച്ചയാണോ ഇതെന്നാണ് നാട്ടുകാരുടെ ആശങ്ക.

പേവിഷബാധയുളള കാട്ടുപൂച്ച വളര്‍ത്തുമൃഗങ്ങളെ ഉള്‍പ്പെടെ ആക്രമിക്കും. വനപാലകരും അന്വേഷണം തുടങ്ങി. നിരീക്ഷണത്തിനായി ദര്‍പ്പക്കാട് ജംക്ഷനില്‍ രണ്ടു ക്യാമറകള്‍ സ്ഥാപിച്ചു. കഴിഞ്ഞ ആറിന് രാത്രിയില്‍ മുഹമ്മദ് മന്‍സിലിൽ താജുദ്ദീനിന്‍റെ വീട്ടിലെ അഞ്ച് ആടുകളെ കാട്ടുപൂച്ചകടിച്ചുകൊന്നിരുന്നു.കഴിഞ്ഞമാസം ഇരുപത്തിരണ്ടിന് കാട്ടുപൂച്ചയുടെ കടിയേറ്റ നിലമേല്‍ സ്വദേശി മുഹമ്മദ് റാഫി അഞ്ച്ദിവസം മുന്‍പാണ് മരിച്ചത്.