nandhinimilk

കേരള വിപണിയില്‍ നിന്നു പിന്‍മാറാന്‍ ഒരുക്കമല്ലെന്ന സൂചന നല്‍കി നന്ദിനി പാലിന്റെ ഉടമസ്ഥരായ കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍. കേരളത്തില്‍ സ്വകാര്യ പാല്‍ കമ്പനികള്‍ കയ്യടക്കി വച്ചിരിക്കുന്ന വിപണിയാണു നന്ദിനി ലക്ഷ്യം വെയ്ക്കുന്നതെന്നാണ് കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ വിശദീകരണം. പ്രശ്നങ്ങള്‍ മില്‍മയുമായി ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നും ഓണമടക്കമുള്ള ഉത്സവ സീസണുകളില്‍ കേരളത്തിന് ആവശ്യമായ പാല്‍ നല്‍കുന്നത് തുടരുമെന്നും കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ കമ്പനി മാനേജിങ് ഡയറക്ടര്‍ വ്യക്തമാക്കി

 

മുപ്പത്തിയഞ്ച് ലക്ഷം ല‌ീറ്റര്‍ പാലാണ് ഒരുദിവസത്തേക്കു കേരളത്തിന് ആവശ്യം. ഇതില്‍ മില്‍മയ്ക്ക് നല്‍കാന്‍ കഴിയുന്നതു വെറും 15ലക്ഷം ലീറ്റര്‍ മാത്രം. ബാക്കി സ്വകാര്യ കമ്പനികള്‍ കയ്യടക്കി വച്ചിരിക്കുകയാണ്. സ്വകാര്യ കമ്പനികള്‍ കയ്യാളുന്ന ഈ വിപണി ലക്ഷ്യമിട്ടാണു നന്ദിനി ഔട്ടലറ്റുകള്‍ തുറന്നത്. പലുല്‍പന്നങ്ങള്‍ മാത്രമായാല്‍ ഔട്ട്ലെറ്റുകള്‍ വിജയിക്കില്ലെന്നതിനാലാണു പാസ്ച്ചുറൈസ്ഡ് പാല്‍ കൂടി വില്‍ക്കുന്നത്. ഇതു സഹകരണ ഫെഡറേഷനുകള്‍ തമ്മിലുള്ള പരസ്പര ധാരണയ്ക്ക് എതിരല്ല. ഒരിക്കലും മില്‍മയെ തകര്‍ക്കുന്ന നടപടി കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ ഭാഗത്തു നിന്ന് ഉണ്ടാവില്ലെന്നും കമ്പനി മാനേജിങ് ഡയറക്ടര്‍ ബി.എം. സതീഷ് വിശദീകരിച്ചു

 

നിലവിലുണ്ടായ പ്രശ്നങ്ങള്‍ മില്‍മ മാനേജിങ് ഡയറക്ടറുമായി ചര്‍ച്ച ചെയ്തു പരിഹരിക്കും. പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കുന്ന ഏഴു ഫ്രാഞ്ചൈസികളാണു കേരളത്തില്‍ ഇതുവരെ തുറന്നിട്ടുള്ളത്. കൂടുതല്‍ യൂണിറ്റുകള്‍ തുറക്കാനുള്ള നീക്കങ്ങളും സജീവമാണ്. നേരത്തെ തന്നെ നന്ദിനിക്ക് കോട്ടയത്തടക്കം വില്‍പന കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ചില്ലറ വിപണയിലേക്കു നേരിട്ടു കടന്നിരുന്നില്ല.

 

Karnataka Milk Federation, the owner of Nandini Milk, has indicated that it is not ready to withdraw from the Kerala market