nandini

കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ കേരള വിപണിയില്‍ സജീവമാകാനുള്ള നീക്കങ്ങളില്‍ നിന്നു കര്‍ണാടക മില്‍ക്ക് ഫെഡറേഷനും അവരുടെ നന്ദിനി പാലും താത്കാലികമായി പിന്‍മാറി. മില്‍മയുമായി ചര്‍ച്ച നടത്തിയതിനുശേഷമേ കേരള വിപണി ഇടപെടല്‍ ഉണ്ടാകൂവെന്ന് കെ.എം.എഫ് എം.ഡി. വ്യക്തമാക്കി. കെ.എം.എഫിന് പുതിയ ചെയര്‍മാന്‍ അധികാരമേറ്റത്തിനു പിറകെയാണു മില്‍മയ്ക്ക് താല്‍കാലിക ആശ്വസം നല്‍കുന്ന തീരുമാനമുണ്ടായത്. 

 

കേരളത്തില്‍ താലൂക്ക് അടിസ്ഥാനത്തില്‍ പാലും പാലുല്‍പന്നങ്ങളും വില്‍ക്കാനുള്ള ഫ്രാഞ്ചെസികള്‍ നല്‍കാനായിരുന്നു നന്ദിനി പാലിന്റെ ഉടമസ്ഥരായ കര്‍ണാടക ക്ഷീരോത്പാദന ഫെഡറേഷന്റെ തീരുമാനം. വിപണി പിടിക്കുന്നതിനൊപ്പം ഫ്രാഞ്ചെസി ഫീസിനത്തില്‍ വന്‍തുകയും ലഭിക്കുമെന്നതായിരുന്നു ആകര്‍ഷണം. ഇതിനകം മഞ്ചേരിയിലടക്കം ഏഴു യൂണിറ്റുകള്‍ തുടങ്ങി. 25 സ്ഥലങ്ങളില്‍ ഫ്രാഞ്ചെസികള്‍ നല്‍കാനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലെത്തി നില്‍ക്കേയാണു മരവിപ്പിച്ചത്. മില്‍മ കടുത്ത സമ്മര്‍ദ്ദം ഉയര്‍ത്തിയതിനു പിറകെ കര്‍ണാടകയില്‍ കയറി പാല്‍ സംഭരണം തുടങ്ങുമെന്ന ഭീഷണിയും ഏറ്റു. മില്‍മ എം.ഡിയുമായി ചര്‍ച്ച നടത്തിയതിനു ശേഷം മാത്രമേ ഇക്കാര്യത്തില്‍ തുടര്‍ നടപടിയുണ്ടാവൂവെന്നാണു കെ.എം.എഫ് എം.ഡി. ബി.സി. സതീഷ് വ്യക്തമാക്കി. ഇക്കാര്യം മില്‍മ വഴി കേരള സര്‍ക്കാരിനെയും അറിയിച്ചു. മന്ത്രി തന്നെ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.

 

ഒരാഴ്ച മുന്‍പാണു ബി.ജെ.പിക്കാരനായ കെ.എം.എഫ് ചെയര്‍മാന്‍ ബാലചന്ദ്ര ജാര്‍ക്കഹോളിയെ പുറത്താക്കി കോണ്‍ഗ്രസ് നേതാവ് ബീമാ നായിക്കിനെ സര്‍ക്കാര്‍ നിയമിച്ചത്. തലപ്പത്തെ ഈമാറ്റവും പുതിയ തീരുമാനത്തിനു പിന്നിലുണ്ട്.