മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരിക്ക് തിരുവനന്തപുരത്ത് സ്മാരകം ഉയരുന്നു. സ്മാരകം നിര്‍മിക്കാനായി കേരള സര്‍വകലാശാലയുടെ കാര്യവട്ടം കാംപസിലെ ഒരേക്കര്‍ സ്ഥലം സാംസ്കാരിക വകുപ്പിന് കൈമാറുമെന്ന് വൈസ് ചാന്‍സലര്‍ ഡോ.മോഹനന്‍ കുന്നുമ്മല്‍ അറിയിച്ചു. സുഗതകുമാരി സ്മൃതിവനം മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു.
മണ്ണിനേയും മനുഷ്യരേയും സ്നേഹിച്ച മലയാളത്തിന്റ എഴുത്തമ്മയ്ക്ക് ഉചിതമായൊരു സ്മാരകമെന്ന രണ്ടാണ്ട് പഴക്കമുളള സ്വപ്നങ്ങള്‍ക്കാണ് ചിറക് മുളയ്ക്കുന്നത്. സര്‍വകലാശാല ഒരുക്കിയ സുഗത സ്മൃതിവനത്തിന്‍റെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു വൈസ് ചാന്‍സലറുടെ പ്രഖ്യാപനം. സ്മാരകം ഒരുക്കാനുള്ള ആഗ്രഹം സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ പങ്കുവച്ചപ്പോഴാണ് സര്‍വകലാശാലയുടെ അനുകൂല പ്രതികരണമുണ്ടാകുന്നത്.
ലൈബ്രറി ഉള്‍പ്പെടെയുള്ള സാംസ്കാരിക സമുച്ചയമാകും കാര്യവട്ടത്ത് ഉയരുക. സുഗതകുമാരിയുടെ വീടായിരുന്ന വരദ സ്വകാര്യ വ്യക്തിക്ക് കൈമാറിയപ്പോള്‍ തിരിച്ചെടുത്ത് സ്മാരകമാക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് ഉചിതമായ സ്മാരകം നിര്‍മിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്.
Sugathakumari memorial will soon become a reality