കോഴിക്കോട് തിരുവമ്പാടിയിലെ ഉറുമി ജലവൈദ്യുത പദ്ധതിയുടെ പെന്‍സ്റ്റോക്ക് പൊട്ടിയതില്‍ കോടികളുടെ നാശനഷ്ടമെന്ന് പ്രാഥമിക നിഗമനം. ജനറേറ്ററിന്‍റെ പ്രവര്‍ത്തനം നിലച്ചതോടെ വൈദ്യുതി ഉല്‍പ്പാദനവും പൂര്‍ണമായി തടസപ്പെട്ട നിലയിലാണ്. തകരാര്‍ പരിഹരിക്കാന്‍ ആഴ്ച്ചകള്‍ എടുക്കും. വൈദ്യുതി ഉല്‍പ്പാദനം നടന്നുകൊണ്ടിരിക്കെയാണ് പെന്‍സ്റ്റോക്ക് പൊട്ടി പവര്‍ ഹൗസിനുള്ളില്‍ വെള്ളം കയറിയത്. വെള്ളത്തിന്‍റെ അതിശക്തമായ സമ്മര്‍ദ്ധമാണ് പൈപ്പ് പൊട്ടാന്‍ കാരണം. പൈപ്പിന്‍റെ കാലപ്പഴക്കവും അപകടകാരണമായെന്ന് കരുതുന്നു. ഇതോടെ വൈദ്യുതി ഉല്‍പ്പാദനം തടസപ്പെട്ടു. ഉല്‍പ്പാദനം തടസപ്പെടുന്നത് മലബാര്‍ മേഖലയില്‍ കടുത്ത പ്രതിസന്ധി ആകും സൃഷ്ടിക്കുക. 5000 മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നത്. കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം നിലച്ചത് വടക്കന്‍ ജില്ലകളില്‍ അടിക്കടിയുള്ള വൈദ്യുതിമുടക്കത്തിനും കാരണമാകും. 

പെന്‍സ്റ്റോക്ക് മാറ്റി സ്ഥാപിക്കാനായി 50 കോടി രൂപ വേണ്ടിവരുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇതിനൊപ്പം തുടര്‍ച്ചയായി വരുന്ന ഉല്‍പ്പാദനനഷ്ടം കൂടിയാകുമ്പോള്‍ നഷ്ടകണക്ക് ഇനിയുമേറെ കൂടും.