മഴ കനത്തതോടെ കൊച്ചി വടക്കൻ പറവൂർ സബ് ട്രഷറി ഓഫീസിന്റെ പ്രവർത്തനം സ്തംഭിച്ചു. ജീർണാവസ്ഥയിലുള്ള കെട്ടിടത്തിന്റെ അവസ്ഥ മഴയിൽ കൂടുതൽ മോശമായതോടെയാണ് ജീവനക്കാർ ജോലി നിർത്തി വെച്ചത്. ഇതോടെ പെൻഷൻ വിതരണമടക്കം മുടങ്ങി
ചുറ്റും വെള്ളക്കെട്ട്. കെട്ടിടത്തിന് അകത്തേക്ക് കയറിയാൽ ചോർന്നൊലിക്കുന്ന ഏതു നിമിഷവും നിലത്തമരാവുന്ന മേൽക്കൂര. ദ്രവിച്ച ചുവരുകൾ. എറണാകുളം വടക്കൻ പറവൂർ സബ് ട്രഷറി ഓഫീസിന്റെ അവസ്ഥയാണിത്. കനത്ത മഴയിൽ കെട്ടിടം കൂടുതൽ അപകടാവസ്ഥയിലായി. ഏത് നിമിഷവും കെട്ടിടത്തിനു മുകളിലേക്ക് പതിക്കാവുന്ന രീതിയിൽ മരകൊമ്പുകളുമുണ്ട്. ദിനം പ്രതി നൂറുകണക്കിനാളുകളാണ് വിവിധ ആവശ്യങ്ങൾക്കായി ഇവിടേക്ക് എത്തുന്നത്. 17 ജീവനക്കാരും ഇവിടെയുണ്ട്. ജീവനുപോലും ഭീഷണിയായിത്തോടെയാണ് ജീവനക്കാർ ജോലി നിർത്തിവച്ചത്. ഇതോടെ പെൻഷൻ വിതരണം അടക്കമുള്ള പ്രവർത്തനങ്ങൾ മുടങ്ങി.
കാലപ്പഴക്കമുള്ള കെട്ടിടം പൊളിച്ച് പുതിയത് പണിയാൻ 2010 ൽ തന്നെ സ്ഥലം അനുവദിച്ചതാണ്. 2021ൽ പണി ആരംഭിച്ചില്ലെങ്കിലും കോടതി ഇടപെട്ട് തടഞ്ഞു. നിലവിലെ കെട്ടിടം ഉപയോഗയോഗ്യമല്ലെന്ന് പൊതുമരാമത്ത് വകുപ്പ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. എന്നിട്ടുപോലും മറ്റൊരു കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റാൻ ഇതുവരെ നടപടി ഉണ്ടായിട്ടില്ല