നിപയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ആശ്വാസം. 42 പരിശോധനാഫലങ്ങള്‍ കൂടി നെഗറ്റീവായി. ഇന്ന് പുതിയ കേസുകളില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അവലോകന യോഗത്തിന് ശേഷം പറഞ്ഞു. അതിനിടെ കോഴിക്കോട് എന്‍ഐടിയിലെ പരീക്ഷകള്‍ മാറ്റിവച്ചു. ക്ലാസുകള്‍ നാളെ മുതല്‍ ഓണ്‍ലൈന്‍ ആയി നടത്താനും തീരുമാനിച്ചു. നിപ നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി എന്‍ഐടിയില്‍ ക്ലാസുകളും പരീക്ഷകളും തുടരുന്നുവെന്ന മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. 

 

നിപ നിയന്ത്രണങ്ങള്‍ വകവെക്കാതെയാണ്  കോഴിക്കോട് എന്‍ഐടിയില്‍ ക്ലാസുകളും പരീക്ഷകളും നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി വലിയൊരു വിഭാഗം വിദ്യാര്‍ഥികളാണ് രംഗത്തെത്തിയത്.  മനോരമ ന്യൂസ് വാര്‍ത്ത പുറത്തുവിട്ടതോടെ അധികൃതരുടെ കണ്ണ് തുറന്നു. എന്തുവിലകൊടുത്തും ക്ലാസുകള്‍ നടത്തുമെന്നും പൊസിറ്റിവ് കേസുകള്‍ ഉണ്ടായാല്‍ മാത്രമേ അവധിയെപ്പറ്റി ആലോചിക്കൂ എന്നും പറഞ്ഞിരുന്നവര്‍ നിലപാട് മാറ്റി. പുതിയ തീരുമാനമനുസരിച്ച് പരീക്ഷകളെല്ലാം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കൂടാതെ ഈമാസം  23 വരെയുള്ള ക്ലാസുകളെല്ലാം ഓണ്‍ലൈന്‍ ആക്കാനും തീരുമാനിച്ചു. അതിനിടെ 42 പരിശോധനാഫലങ്ങള്‍ കൂടി നെഗറ്റീവായി. ഹൈറിസ്ക് സമ്പ‍ര്‍ക്കപ്പട്ടികയില്‍ പെട്ട 23 പേരുടെ പരിശോധനാഫലങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്താന്‍ പൊലിസിന്‍റെ സഹായം തേടാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു. 

 

തിരുവനന്തപുരത്ത് നിപ സംശയത്തെ തുടര്‍ന്ന് നിരക്ഷീണത്തില്‍ കഴിഞ്ഞിരുന്ന ഒരു വിദ്യാര്‍ഥിയുടെ ഫലം നെഗറ്റീവാണ്. കാട്ടാക്കട സ്വദേശിനിയുടെ പരിശോധനാഫലം ഇന്ന് പുറത്ത് വരും. 

 

 

no new nipah cases in kerala