മൂന്നാമത്തെ വന്ദേഭാരത് റേക്ക് കേരളത്തിന് അനുവദിച്ച് റെയില്‍വേ. ആലപ്പുഴ വഴിയുളള വന്ദേഭാരത് എക്സ്പ്രസിന്റെ പെയറിങ് ട്രെയിനാണ് കൊച്ചുവേളിയിലെത്തിച്ചത്. ഇന്നു മുതല്‍ സര്‍വീസിനുപയോഗിക്കുമെന്നാണ് വിവരം.

 

തിങ്കളാഴ്ച രാത്രിയാണ് അധികമാരുമറിയാതെ മൂന്നാമത്തെ റേക്ക് കൊച്ചുവേളിയിലെത്തിച്ചത്. എട്ടു കോച്ചുകളുളള റേക്കാണ് തിരുവനന്തപുരം ഡിവിഷന് കൈമാറിയത്. വെളളയും നീലയും ചേര്‍ന്ന നിറത്തിലുളളതാണ് പുതിയ റേക്ക്.  കാസര്‍കോട് നിന്ന് രാവിെല പുറപ്പെടുന്ന ആലപ്പുഴ വഴിയുളള വന്ദേഭാരത് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലെത്തുന്നത് വൈകിട്ട് 3. 05 നാണ് . 4. 05നാണ് മടക്കയാത്ര ക്രമീകരിച്ചിരിക്കുന്നത്. എന്നാല്‍ ഒരു മണിക്കൂര്‍ സമയം കൊണ്ട് കൊച്ചുവേളിയിലെത്തിച്ച് അറ്റകുറ്റപണി പൂര്‍ത്തിയാക്കാനാകില്ല. അതുകൊണ്ടാണ് പകരം റേക്ക് എത്തിച്ചിരിക്കുന്നതെന്നാണ് വിവരം. കാസര്‍കോട് 11. 55 ന് എത്തുന്ന വന്ദേഭാരതിന് രാവിലെ ഏഴ് മണിക്ക് അടുത്ത സര്‍വീസിനു മുമ്പ് അറ്റകുറ്റപണിക്ക് സമയമുണ്ടെങ്കിലും അവിടെ അതിനുളള സൗകര്യമില്ല. കൊച്ചുവേളിയില്‍ അറ്റകുറ്റപണി നടത്തേണ്ടതിനാല്‍ നിലവില്‍ തിങ്കളാഴ്ച കാസര്‍കോട്ടേയ്ക്കും ചൊവ്വാഴ്ച തിരുവനന്തപുരത്തേയ്ക്കും സര്‍വീസില്ല. പുതിയ ഒരു റേക്ക്  കൂടി എത്തുമ്പോള്‍ ഭാവിയില്‍ എല്ലാ ദിവസവും സര്‍വീസ് നടത്താനുളള സാധ്യത കൂടിയാണ് തെളിയുന്നത്.