ലോട്ടറി വില്‍പനക്കാരിയായ തമിഴ് സ്ത്രീയെ കാണാനില്ലെന്ന കേസിന്‍റെ അന്വേഷണമാണ് കേരളത്തെ ഞെട്ടിച്ച ഇരട്ട നരബലിക്കേസിലേക്ക് എത്തിയത്. തുമ്പില്ലാതിരുന്ന കേസില്‍ അവ്യക്തമായ സി.സി.ടി.വി ദൃശ്യം അന്വേഷണത്തിന്‍റെ ഗതിമാറ്റി. കൊലപാതകമെന്ന സംശയമാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. കേസിന്‍റെ വിചാരണ വൈകാതെ ആരംഭിക്കും.

 

2022 സെപ്റ്റംബര്‍ ഇരുപത്തിയാറിന് തമിഴ്നാട് ധര്‍മപുരി സ്വദേശിനി പത്മയെ കാണാതായെന്ന് പിറ്റേന്ന് മകന്‍ നല്‍കിയ പരാതിയിലായിരുന്നു അന്വേഷണം. കൊലപാതകമെന്ന് ആദ്യം തന്നെ പൊലീസ് സംശയിച്ചു. തിരുവല്ലവരെ ഫോണിന്‍റെ ടവര്‍ ലൊക്കേഷന്‍ കിട്ടിയതുമാത്രമായിരുന്നു തുമ്പ്. പത്മ സ്ഥിരമായി ലോട്ടറി വില്‍പന നടത്തുന്ന സ്ഥലത്തെ സിസിടിവി ദൃശ്യത്തില്‍നിന്ന് ഒരു സ്കോര്‍പിയോ കാറിന്‍റെ സാന്നിധ്യം തിരിച്ചറിഞ്ഞത് നിര്‍ണായകമായി. കൊച്ചി മുതല്‍ തിരുവല്ലവരെയുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് കാറും ഉടമയെയും തിരിച്ചറിഞ്ഞു. പിന്നാലെ ഷാഫിയിലേക്കെത്തിയ അന്വേഷണസംഘം ഭഗവല്‍സിങ്ങിനെയും ഭാര്യ ലൈലയും കസ്റ്റഡിയിലെടുത്തു. ഒക്ടോബര്‍ 11ന് പത്മ കൊല്ലപ്പെട്ടുവെന്ന് കുടുംബത്തെ അറിയിച്ചു. കടവന്ത്ര പൊലീസിന്‍റെ കസ്റ്റഡിയിലുണ്ടായിരുന്ന മൂന്ന് പ്രതികളുമായി അന്വേഷണ സംഘം ഇലന്തൂരിലേക്ക്. വീട്ടില്‍ നടത്തിയ പരിശോധനയില്‍ പറമ്പില്‍ കുഴിച്ചിട്ട മൃതദേഹങ്ങള്‍ കണ്ടെത്തി. ജൂണ്‍ എട്ടിന് കാണാതായ റോസ്‌ലിയെന്ന മറ്റൊരു സ്ത്രീയും കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കുന്നു. വെട്ടിനുറുക്കിയ മൃതദേഹങ്ങളും ശാസ്ത്രീയ തെളിവുകളും നിരത്തിയാണ് നരബലിയാണ് നടന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചത്. 89 ദിവസം നീണ്ട അന്വേഷണത്തിനൊടുവില്‍ ഈവര്‍ഷം ജനുവരി ഏഴിന് പത്മ വധക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ജനുവരി 21ന് റോസ്‌ലിന്‍ വധക്കേസിലും കുറ്റപത്രം സമര്‍പ്പിച്ചതോടെ നിശ്ചിത സമയപരിധിക്കുള്ളില്‍ അന്വേഷണസംഘം ദൗത്യം പൂര്‍ത്തിയാക്കി. ഈ മാസം പതിനേഴിന് കേസ് കോടതി പരിഗണിക്കും.

 

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ