elanthuroneyear

ഇലന്തൂര്‍ ഇരട്ടനരബലിക്കേസ് കേരളം അറിഞ്ഞിട്ട് ഇന്ന് ഒരു വര്‍ഷം. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ പതിനൊന്നിന് രാവിലെയാണ് വാര്‍ത്ത പുറത്തു വന്നത്. പ്രതികളായ ഭഗവല്‍ സിങ്ങും, ഭാര്യ ലൈലയും, കൂട്ടാളി മുഹമ്മദ് ഷാഫിയും ഇപ്പോള്‍  ജയിലിലാണ്. നരബലി നടന്ന് വര്‍ഷം ഒന്നു കഴിഞ്ഞിട്ടും കാഴ്ചക്കാരുടെ വരവ് അവസാനിച്ചിട്ടില്ല. 

 

ക്രമേണയാണ് വിവരങ്ങള്‍ ലോകമറിഞ്ഞത്. കൊല്ലപ്പെട്ടത് രണ്ടു സ്ത്രീകള്‍. റോസ് ലിനും പത്മയും, റോസ് ലിനെ കൊലപ്പെടുത്തിയത് ജൂണിലും പത്മയെ കൊലപ്പെടുത്തിയത് സെപ്റ്റംബറിലും . പത്മയുടെ തിരോധാനത്തിലെ അന്വേഷണമാണ് ഇലന്തൂരിലേക്ക് എത്തിയത്. ഭഗവല്‍ സിങ്ങിന്‍റെ തിരുമ്മുകേന്ദ്രമായിരുന്നു മറ. ഇരുവരേയും ബലികൊടുത്തു കഷണങ്ങളാക്കി മുറിച്ച് കുഴിച്ചിട്ടു. പതിനൊന്നിന് ഉച്ചയോടെ മൂന്നു കുഴികളില്‍ നിന്നായി മൃതദേഹ അവശിഷ്ടങ്ങള്‍ കുഴിച്ചെടുത്തു. മനുഷ്യമാസം ഫ്രിഡ്ജില്‍ സൂക്ഷിച്ചശേഷം പാകം ചെയ്തു കഴിച്ചു എന്ന ഞെട്ടിക്കുന്ന കണ്ടെത്തലും പിന്നാലെയെത്തി.

 

കഡാവര്‍ നായ്ക്കളെ ഉപയോഗിച്ച് കൊലപാതക സ്ഥലത്ത് മൃതദേഹത്തിന് തിരച്ചില്‍ നടത്തുന്നത് കേരളത്തിന് പുതിയ കാഴ്ചയായിരുന്നു. അന്നു മുതല്‍ ഇലന്തൂരിലേക്ക് ദിവസവും കാഴ്ചക്കാരും എത്തിക്കൊണ്ടിരുന്നു. ഒരുമാസത്തോളം സ്ഥലത്ത് പൊലീസ് കാവലും തുടര്‍ന്നു. അയല്‍ക്കാരനായ ജോസിനോടാണ് ആദ്യം പൊലീസ് വിവരം തേടിയത്. ജോസിന്‍റെ വീട് തൊട്ടുപിന്നിലാണ് കൊലപാതകം നടന്ന വീട്.  ഭയമുണ്ടെന്നും ഇല്ലെന്നും പറയുന്ന നാട്ടുകാരുണ്ട്. ഭഗവല്‍സിങ്ങിന്‍റെ വീടിന് സമീപത്തെ തിരുമ്മല്‍ കേന്ദ്രവും അനാഥമായിക്കിടക്കുകയാണ്. ഭഗവല്‍ സിങ്ങിന്‍റെ കുടുബക്കാവിലും വിളക്ക് വയ്ക്കാന്‍ ആളില്ലാതെ ആയി.

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ