അനധികൃതമായി കായൽ നികത്തി കല്ല് കെട്ടിയതായി സർക്കാർ കണ്ടെത്തിയ സ്ഥലത്ത് മാനദണ്ഡം പാലിക്കാതെ റിസോർട്ട് നിർമ്മാണവും.. വൈക്കം തലയാഴം പഞ്ചായത്തിലാണ് കണ്ടൽ കാട് നശിപ്പിച്ച് സ്വകാര്യ വ്യക്തി കെട്ടിട നിർമ്മാണം നടത്തിയിരിക്കുന്നത്. മാസങ്ങളായി തുടരുന്ന നിർമ്മാണം അറിഞ്ഞില്ലെന്നാണ് പഞ്ചായത്തിന്റെയും ഉദ്യോഗസ്ഥരുടെയും വിശദീകരണം.
കഴിഞ്ഞ ഏപ്രിൽ മാസത്തിലായിരുന്നു കണ്ടൽ നശിപ്പിച്ച് കായൽ തീരം നികത്തുന്നത് കണ്ടെത്തിയത്.സംഭവം പുറത്തായതോടെ നിയമനടപടി ഉണ്ടാകുമെന്നായിരുന്നു പഞ്ചായത്തിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും ഉറപ്പ്. എന്നാൽ ആറുമാസങ്ങൾക്കിപ്പുറം സ്ഥലത്ത് മാലിന്യം തള്ളാൻ എത്തിയവരെ തടയാൻ നാട്ടുകാർ എത്തിയപ്പോഴാണ് കെട്ടിട നിർമ്മാണം നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതും നാട്ടുകാർ പ്രതിഷേധിച്ചതും.
പിന്നാലെ പഞ്ചായത്ത് പ്രസിഡണ്ടിനെയും ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി. കായൽതീരത് നിർമ്മിച്ച കൽക്കെട്ടിലാണ് തീരദേശ പരിപാലന നിയമം ലംഘിച്ച് കെട്ടിടത്തിന്റെ അടിത്തറ പണിതിരിക്കുന്നത്.റിസോർട്ടിലെ മാലിന്യം കായലിലേക്ക് ഒഴുക്കാനുള്ള കുഴലുകളും മണ്ണിനടിയിൽ സ്ഥാപിച്ചാണ് നിർമ്മാണം.അനുമതിയുമില്ലാതെയുള്ള നിർമ്മാണം നിർത്താൻ പഞ്ചായത്ത് സ്റ്റോപ്പ് മെമ്മൊ നൽകി. റവന്യൂ, ഈറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരെയും പഞ്ചായത്തിനെയും സ്വാധീനിച്ചാണ് റിസോർട്ട് നിർമ്മാണം നടന്നുവന്നിരുന്നത് എന്നാണ് നാട്ടുകാരുടെ ആക്ഷേപം.