valapattanam-fire

കണ്ണൂർ ചിറയ്ക്കലിൽ പൊലീസിന് നേരെ വെടിവെയ്പ്പ് നടത്തിയ പ്രതി അറസ്റ്റിൽ. ചിറയ്ക്കൽ സ്വദേശി ബാബു ഉമ്മൻ തോമസിനെയാണ് വളപട്ടണം പൊലീസ് അറസ്റ്റു ചെയ്തത്. വധശ്രമ കേസുമായി ബന്ധപ്പെട്ട് ബാബുവിന്റെ മകൻ റോഷനെ തിരക്കി പൊലീസ് എത്തിയപ്പോഴായിരുന്നു വെടിവെയ്പ്പ്. അതെ സമയം പൊലീസിനൊപ്പം വന്ന ഗുണ്ടകൾ വീടും കാറുകളും അടിച്ചു തകർത്തുവെന്ന് ബാബുവിന്റെ ഭാര്യ ലിൻഡ മനോരമ ന്യൂസിനോട് പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

ഇന്നലെ രാത്രി 9.50 ഓടെ വളപട്ടണം എസ്ഐ നിധിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വധശ്രമ കേസുമായി ബന്ധപ്പെട്ടാണ് റോഷനെ തിരക്കി ചിറയ്ക്കലിലെ വീട്ടിൽ എത്തിയത്. പൊലീസിനെ കണ്ട ബാബു രണ്ടാമത്തെ നിലയിൽ നിന്നു പൊലീസിനു നേരെ വെടിയുതിർക്കുകയായിരുന്നു. റിവോൾവർ ഉപയോഗിച്ച് മൂന്ന് റൗണ്ട് വെടിവച്ചുവെന്നും കുനിഞ്ഞതു കൊണ്ടു മാത്രമാണ് പൊലീസുകാർ രക്ഷപ്പെട്ടതെന്ന് എഫ്ഐ ആറിൽ പറയുന്നു. പിന്നീട് ബലം പ്രയോഗിച്ചാണ് പൊലീസ് ബാബുവിനെ കീഴ്പ്പെടുത്തിയത്. 

പൊലീസ് എത്തിയത് ഗുണ്ടകളുമായിട്ടായിരുന്നുവെന്നാണ്  ലിൻഡയുടെ ആരോപണം. വീട് മുഴുവനും രണ്ടു കാറുകളും  ഗുണ്ടകൾ അടിച്ചു തകർത്തു. ബാബു പൊലീസിനു നേരെ വെടിയുതിർത്തില്ലെന്നും ലിൻഡ മനോരമ ന്യൂസിനോട് പറഞ്ഞു. എന്നാൽ ഇക്കാര്യം കണ്ണൂർ  സിറ്റി പൊലീസ് കമ്മീഷ്ണർ അജിത് കുമാർ നിഷേധിച്ചു. റോഷന്റെ സാന്നിധ്യം വീട്ടിൽ ഇന്നലെ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. തെളിവുകളുടെ അടിസ്ഥാനത്തിൽ ഇയാൾക്കായി അന്വേഷണം  ഊർജിതമാക്കിയിട്ടുണ്ട്.