കൽപാത്തിയില്‍ ജനസഞ്ചയത്തെ സാക്ഷിനിര്‍ത്തി ഒന്നാം തേരുത്സവത്തിന് ആഘോഷത്തുടക്കം. അഗ്രഹാര വീഥികളില്‍ ഇനിയുള്ള മണിക്കൂറുകളില്‍ ദേവീ ദേവന്മാര്‍ അനുഗ്രഹവും ഐശ്വര്യവും ചൊരിഞ്ഞെത്തും. ദേവരഥങ്ങളെ വരവേൽക്കാനും തേരിനൊപ്പം നീങ്ങാനും ഭക്തരുടെ തിരക്കാണ്.
അഗ്രഹാരവീഥികളില്‍ ഇനി മൂന്നുനാള്‍ രഥപ്രയാണം. ശുഭമുഹൂര്‍ത്തത്തില്‍ പ്രത്യേക പൂജകള്‍ക്ക് ശേഷമാണ് വിഗ്രഹങ്ങള്‍ പുറത്തിറക്കിയത്.
മന്ത്രമുഖരിതമായ അന്തരീക്ഷത്തില്‍ മേളത്തിന്റെ അകമ്പടിയില്‍. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ ശിവപാർവതിയും ഗണപതിയും വള്ളി–ദൈവാന സമേത സുബ്രഹ്മണ്യസ്വാമിയും തേരിലേറി.
ഭക്തരുടെ സാരഥ്യത്തിലാണു ദേവരഥ പ്രദക്ഷിണം. ഐശ്വര്യം നിറയ്ക്കാന്‍ അഗ്രഹാരത്തിൽ നേരിട്ടെത്തി ദേവീ ദേവമ്മാര്‍ അനുഗ്രഹം ചൊരിയുന്നുവെന്നാണ് സങ്കല്‍പ്പം. തേരുവലിക്കുന്നതും ദേവരഥ പ്രദക്ഷിണം കണ്ടു തൊഴുന്നതും പുണ്യകരമെന്നാണു വിശ്വാസം. പുതിയ കൽപാത്തി മന്ദക്കര മഹാഗണപതി ക്ഷേത്രത്തിൽ നാളെയാണു രഥാരോഹണം. തുടർന്നു മന്ദക്കര മഹാഗണപതിയും പ്രദിക്ഷിണ വഴികളിലേക്കിറങ്ങും. മറ്റന്നാള്‍ വൈകീട്ടാണ് പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ദേവരഥസംഗമം.