നവകേരള സദസിന്  തുടക്കമാകുമ്പോള്‍ പെന്‍ഷന്‍ കുടിശികയും ആനുകൂല്യങ്ങളും ഭാഗികമായെങ്കിലും അനുവദിച്ചുകൊണ്ട് ധനവകുപ്പില്‍ നിന്ന് നിരനിരയായി ഉത്തരവുകള്‍.  ഈമാസം മാത്രം ഇത്തരത്തില്‍  ഒന്‍പത്  ഉത്തരവുകളാണ് പുറപ്പെടുവിച്ചത്. ഒരുമാസത്തെ ക്ഷേമപെന്‍ഷന്‍കുടിശിക അനുവദിച്ചത് ഉയര്‍ത്തിക്കാട്ടി നവകേരള സദസിന് നേരെയുള്ള വിമര്‍ശനം തടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. 

സാധാരണക്കാരന് ക്ഷേമപെന്‍ഷന്‍പോലും ഇല്ല, അപ്പോഴാണോ നവകേരള സദസിന് ഇത്ര ധൂര്‍ത്തെന്ന ചോദ്യത്തെ തടുക്കാനാണ് ധനവകുപ്പ് ആഞ്ഞുപിടിച്ച്  കൊടുക്കാനുള്ള പണത്തില്‍കുറച്ചെങ്കിലും വിവിധ വകുപ്പുകള്‍ക്കും പദ്ധതികള്‍ക്കുമായി പകുത്തു നല്‍കുന്നത്. രണ്ടാം തീയതി മുതല്‍  ധനവകുപ്പ് ഇതിനായി നിരന്തരമായി ഉത്തരവുകള്‍ പുറപ്പെടുവിക്കുകയാണ്. നവംബര്‍ രണ്ടാം തീയതി നാഷണല്‍ ഹെല്‍ത്ത് മിഷന്‍ പദ്ധതിക്ക് 50 കോടി അനുവദിച്ചു. കേന്ദ്രഫണ്ട് അനന്തമായി നീളുകയാണെന്ന വാര്‍ത്താ കുറിപ്പിന്‍റെ അകമ്പടിയോടെയാണ് പണം നല്‍കിയത്. എട്ടാംതീയതി കെ.എസ്.ആര്‍ടിസിക്ക് 30 കോടി അനുവദിച്ചു. അതേആഴ്ച തന്നെ 70 കോടി അനുവദിച്ചിരുന്നു എന്ന ഒാര്‍മ്മപ്പെടുത്തലോടെയായിരുന്നു കെ.എസ്.ആര്‍ടി.സിക്ക് പണം കൊടുത്തത്. പതിനഞ്ചാം തീയതി റബര്‍ഉത്പാദക സബ്സിഡി അനുവദിച്ചു. ഇതുവരെയുള്ള മുഴുവന്‍തുകയും നല്‍കുകയാണെന്ന അറിയിപ്പോടെയായിരുന്നു തുക അനുവദിച്ചത്. 16ാം തീയതി പോസ്റ്റ് മെട്കിക്ക് സ്്കോളര്‍ഷിപ്പിനെകുറിച്ച് ധനവകുപ്പ് ഒാര്‍മിച്ചു. 14 കോടി നല്‍കി, ബജറ്റ് വിഹിതം തീര്‍ന്നതിനാല്‍അധിക തുക നല്‍കുകയാണെന്നും കൂടി പറഞ്ഞു വെച്ചുകൊണ്ടായിരുന്നു തീരുമാനം. അന്നുതന്നെ ആശാവര്‍ക്കേഴ്സിന്‍റെ ഒാണറേറിയത്തിനായി 15.68 കോടി അനുവദിച്ചു. തൊട്ടുപിറ്റേന്ന് അങ്കണവാടി, ആശ ജീവനക്കാരുടെ വേതനം 1000 രൂപവരെ ഉര്‍ത്തി. 18 ന് സംസ്ഥാന ഇന്‍ഷ്വറന്‍സിന് കീഴിലെ ജീവന്‍ രക്ഷാ ആനുകൂല്യങ്ങള്‍ ഉയര്‍ത്താനുള്ള തീരുമാനം വന്നു. 

കൊടുക്കാനുള്ളതും കൂടുതലും കൊടുത്തു എന്ന് സര്‍ക്കാരിന് പറയാമെങ്കിലും ക്ഷേമ പെന്‍ഷന്‍ മൂന്നുമാസം കുടിശിക ആയിതന്നെ തുടരുകയാണ്. നവകരളസദസ് അനാവശ്യ ധൂര്‍ത്താണെന്ന പ്രതിപക്ഷ വിമര്‍ശനവും തുടരും. 

Series of orders from the Finance Department