ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നില്‍ കുടുംബവുമായി വിരോധമുള്ള ആരെങ്കിലുമാവാന്‍ സാധ്യതയുണ്ടെന്ന് പത്തനാപുരം എംഎല്‍എ കെ.ബി.ഗണേഷ് കുമാര്‍. 'കുറ്റവാളികള്‍ കാണുന്നുണ്ടെങ്കില്‍ സ്നേഹത്തോടെ ഞാന്‍ അഭ്യര്‍ഥിക്കുന്നു, കുഞ്ഞിനെ വിട്ടുനല്‍കുക. ഒരു കുഞ്ഞിനെ വെച്ചുള്ള കളി നല്ലതല്ല. അത് ബുദ്ധിയല്ല. മണ്ടത്തരമാണ് കാണിക്കുന്നത്. ആറ് വയസുള്ള കുട്ടിയാണ്. കേരളത്തിലെ ജനങ്ങള്‍ മുഴുവന്‍ കുഞ്ഞിനെ മോചിപ്പിച്ച് കിട്ടാനായി പ്രാര്‍ഥിക്കുകയാണ്. കുഞ്ഞിനെ മാറ്റി വെക്കുന്നതിലൂടെ കേരള ജനതയുടെ വലിയൊരു വികാരം നിങ്ങള്‍ മനസിലാക്കണം, ഗണേഷ് കുമാര്‍ പറഞ്ഞു. 

 

'സാധാരണ ജോലി ചെയ്ത് ജീവിക്കുന്ന അച്ഛനും അമ്മയുമാണ്. അവരുടെ കുഞ്ഞിനെ തട്ടിക്കൊണ്ട് പോകണം എങ്കില്‍ ഈ കുടുംബത്തോട് എന്തെങ്കിലും വിരോധമുള്ള ആരെങ്കിലും ആയിരിക്കും എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ഈ കാലത്തോ പത്ത് കൊല്ലം മുന്‍പോ ഈ കുടുംബവുമായി എന്തോ പകയുള്ള ആരെങ്കിലുമായിരിക്കും ഇതിന് പിന്നിലെന്നാണ് എനിക്ക് തോന്നുന്നത് എന്നും ഗണേഷ് കുമാര്‍ പറഞ്ഞു. 

 

'നിങ്ങള്‍ കുഞ്ഞുമായി ഇരിക്കുന്ന സ്ഥലം അറിഞ്ഞാല്‍ പോലും നാട്ടുകാര്‍ നിങ്ങളെ തീ വെക്കും. അതുകൊണ്ട് ദയവ് ചെയ്ത് നിങ്ങള്‍ കുറ്റവാളികള്‍ കാണുന്നുണ്ടെങ്കില്‍ കുഞ്ഞിനെ എത്രയും പെട്ടെന്ന് വിടുക. മനുഷ്യവാസമുള്ള സ്ഥലത്ത് കുഞ്ഞിനെ വിടണം. പൊലീസ് അന്വേഷണം ശക്തമായി നടക്കുന്നുണ്ട്. ആറ് വയസുള്ള കുഞ്ഞിനെ വെച്ച് വിലപേശുക എന്നത് ബുദ്ധി ശൂന്യതയാണ്. സമൂഹത്തിന്റേയോ നിയമത്തിന്റേയോ സംരക്ഷണം ഉണ്ടാകില്ല,  ഗണേഷ് കുമാര്‍ പറയുന്നു.