ഗുരുവായൂരില്‍ ഉണ്ണിക്കണ്ണനെ തൊഴുത് പ്രധാനമന്ത്രി നരേന്ദ്രമോദി. സോപാനത്തില്‍ നറുെനയ്യും താമരപ്പൂവും അര്‍പ്പിച്ച് തൊഴുതു. എട്ടുമണിയോടെ ക്ഷേത്രസന്നിധിയിലെത്തിയ പ്രധാനമന്ത്രിയെ ഗുരുവായൂര്‍ ദേവസ്വം ഭാരവാഹികള്‍ സ്വീകരിച്ചു. ക്ഷേത്രത്തിന്റെ കിഴക്കേനട വഴിയാണ് പ്രധാനമന്ത്രി പ്രവേശിച്ചത്.

ക്ഷേത്രദര്‍ശനത്തിനുശേഷം സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ  വിവാഹച്ചടങ്ങില്‍ പങ്കെടുത്ത പ്രധാനമന്ത്രിയാണ് വധൂവരന്‍മാര്‍ക്കുള്ള പുഷ്പഹാരം കൈമാറിയത്. വധൂവരന്മാരെ പ്രധാനമന്ത്രി കൈപിടിപ്പിച്ച് നല്‍കി. മമ്മൂട്ടിയും മോഹന്‍ലാലും ദിലീപും ജയറാമും അടക്കം വന്‍ താരനിരയുടെ സാന്നിധ്യത്തില്‍ കിഴക്കേനടയിലെ മണ്ഡപത്തില്‍ വിവാഹച്ചടങ്ങുകള്‍ നടന്നത്.

ഭാഗ്യ സുരേഷിന്റെ താലികെട്ടിന് പിന്നാലെ തൊട്ടടുത്ത് വിവാഹം നടന്ന 10 വധൂവരന്മാര്‍ക്കും പ്രധാനമന്ത്രി ആശംസ അറിയിച്ചു. വധൂവരന്മാര്‍ക്ക് പ്രധാനമന്ത്രി അക്ഷതം നല്‍കി അനുഗ്രഹിക്കുകയും ചെയ്തു. ഗുരുവായൂരിലെ ചടങ്ങുകള്‍ക്ക് ശേഷം പ്രധാനമന്ത്രി ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് തിരിച്ചു. രാവിലെയോടെ ഹെലികോപ്റ്ററിൽ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലിറങ്ങിയ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ കോളജ് ഗ്രൗണ്ടില്‍ വന്‍ ജനക്കൂട്ടമാണ് കാത്തുനിന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയിലായിരുന്നു ക്ഷേത്രനഗരി.