താനൂര്‍ ബോട്ടപകടത്തിന് ശേഷവും മലപ്പുറം പൊന്നാനി അഴിമുഖത്ത് നിയമം ലംഘിച്ചുളള ബോട്ട് സര്‍വീസ് തുടരുന്നു. ലൈസന്‍സില്ലാത്ത എന്‍ജിന്‍ ഡ്രൈവര്‍മാര്‍ ബോട്ട് ഒാടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ കടുത്ത നടപടി ആവശ്യപ്പെട്ട് പൊന്നാനി തഹസില്‍ദാര്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
22 പേരുടെ മരണത്തിന് ഇടയാക്കിയ താനൂര്‍ ബോട്ടപകടത്തിന് പിന്നാലെ അനധികൃത ബോട്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണമാണ് കാറ്റില്‍ പറത്തിയത്. കോഴിക്കോട് പോർട്ട് ഓഫിസറുടെ നിർദേശപ്രകാരം 2 തവണ പൊന്നാനിയിൽ പരിശോധന നടന്നപ്പോഴും ലൈസൻസില്ലാത്ത എൻജിൻ ഡ്രൈവർ ബോട്ട് ഓടിക്കുന്നത് കയ്യോടെ പിടികൂടിയിരുന്നു. യാത്രക്കാരെ കുത്തിനിറയ്ക്കുന്നതും സമയപരിധി കഴിഞ്ഞും സർവീസ് നടത്തുന്നതും ശ്രദ്ധയിൽപെട്ടെങ്കിലും പിഴയടപ്പിച്ച ശേഷം വീണ്ടും അനുമതി നല്‍കുകയായിരുന്നു. വീഴ്ചകള്‍ തുടരുന്നത് ഇനിയും അപകടമുണ്ടാക്കുമെന്ന മുന്നറിയിപ്പാണ് തഹസീല്‍ദാര്‍ നല്‍കിയത്.
ലൈഫ് ജാക്കറ്റ് പോലുമില്ലാതെയാണ് ഉല്ലാസ ബോട്ടുകളുടെ സര്‍വീസ്. ബോട്ടുകളെ നിയന്ത്രിക്കാന്‍ പൊലീസിന്‍റെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു. ബോട്ട് സർവീസുകളുടെ നിയന്ത്രണവും പരിശോധനയും പൊലീസിന്‍റെ പരിധിയിൽപ്പെടുന്നതല്ലെന്ന നിലപാടാണ് സ്വീകരിച്ചത്.
Illegal boat service continues at malappuram Ponnani Estuary