gandhi-thrissur-26

ഗാന്ധി താത്താ സ്വാതന്ത്ര്യം എപ്പോ കെടയ്ക്കും? തൃശൂരിലെ തങ്കമ്മ അഞ്ചാം വയസ്സിൽ ഗാന്ധിജിയോട് ചോദിച്ച ചോദ്യമാണ്. രസകരമായ ഒരു മറുപടിയും കൊടുത്തു ഗാന്ധി. മധുരയിൽ വെച്ച് ഗാന്ധിയെ കണ്ട പാർളിക്കാട് സ്വദേശിനി തങ്കമ്മയാണ് എൺപത്തിനാലാം വയസ്സിലും ആ ചരിത്രമുഹൂർത്തം പങ്കുവെക്കുന്നത്.

1945 ൽ മധുരയിൽ നടന്ന ഒരു സമ്മേളന വേദിയിൽ ഗാന്ധിയെത്തിപ്പോഴായിരുന്നു തങ്കമ്മക്ക് അങ്ങനൊരു അവസരം വന്നെത്തിയത്. അമ്മ പാറുകുട്ടിക്കും അമ്മാവൻമാർക്കും ഒപ്പം ഗാന്ധിജിയെ കാണാൻ കുഞ്ഞു തങ്കമ്മയും ചെന്നു. വേദിയിലെത്തിയ അഞ്ചു വയസ്സുകാരി തങ്കമ്മയെ ഗാന്ധിജി ആശ്ലേഷിച്ചു. പിന്നാലെ ഹാരാർപ്പണവും നടത്തി. അതിനിടെയാണ് തങ്കമ്മ ആ ചോദ്യം ഗാന്ധിജിയോട് ചോദിച്ചത്. ഗാന്ധിതാത്താ സ്വാതന്ത്ര്യം എപ്പോ കെടക്കും..??

വാത്സല്യത്തോടെ ഗാന്ധിജിയുടെ മറുപടി. നിനക്ക് എന്‍റെ പ്രായമാവുമ്പോഴേക്കും തീർച്ചയായും ലഭിച്ചിരിക്കും. ഇന്ന് 84 തികഞ്ഞ തൃശൂർ പറളിക്കാട് സ്വദേശി തങ്കമ്മക്ക് ആ നിമിഷം ഇന്നലെ കഴിഞ്ഞത് പോലെ ഓർമയുണ്ട് 

കുടുംബാഗങ്ങൾക്കൊപ്പം മധുരയിലായിരുന്ന തങ്കമ്മ പിന്നീട് തൃശൂരിലെ വീട്ടിലേക്ക് തിരിച്ചു.  രാഷ്ട്രപിതാവിനോടൊപ്പം പങ്കിട്ട നിമിഷങ്ങൾ നിധി പോലെ മനസിൽ കാത്തു സൂക്ഷിക്കുന്നുമുണ്ട്. തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമാണ് ആ സംഭവമെന്നാണ് തങ്കമ്മയുടെ ഭാഷ്യം.

ഗാന്ധിജിയെ നേരിട്ടു കണ്ട മുത്തശ്ശിയെക്കുറിച്ചു പറയുമ്പോൾ കുടുംബാംഗങ്ങളുടെ വാക്കുകളിലും അഭിമാനം നിറയും. അന്നത്തെ നിമിഷങ്ങൾ ഫോട്ടോയായി അവശേഷിച്ചിരുന്നെങ്കിൽ എന്ന സങ്കടം പറയുന്നുണ്ട് തങ്കമ്മ...