kerala-republic-day-26

എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ച് സംസ്ഥാനവും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദേശീയപതാക ഉയര്‍ത്തി. മുഖ്യമന്ത്രിയും ചടങ്ങില്‍ പങ്കെടുത്തു. ജില്ലാ ആസ്ഥാനങ്ങളില്‍ മന്ത്രിമാര്‍ പതാക ഉയര്‍ത്തി.

 

സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പരേഡില്‍ ഗവര്‍ണര്‍ അഭിവാദ്യം സ്വീകരിച്ചു. വ്യോമസേന ദക്ഷിണ കമാന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഫ്ലൈറ്റ് സ്ക്വാഡ്രന്‍ ലീഡര്‍ സെയ്ഖ് ഫാറൂഖ് പരേഡ് നയിച്ചു.മുഖ്യമന്ത്രി പിണറായി വിജയനൊപ്പം മന്ത്രിമാരായ വി.ശിവന്‍കുട്ടിയും വി.അബ്ദുറഹിമാനും ചടങ്ങില്‍ പങ്കെടുത്തു. നിയമസഭയിലെ റിപ്പബ്ലിക്ദിനാഘോഷത്തില്‍ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ദേശീയ പതാക ഉയര്‍ത്തി.

 

കൊച്ചിയില്‍ കാക്കനാട് സിവില്‍ സ്റ്റേഷന്‍ പരേഡ് ഗ്രൗണ്ടില്‍ റവന്യുമന്ത്രി കെ.രാജന്‍ പതാക ഉയര്‍ത്തി. ആലപ്പുഴയില്‍ മന്ത്രി ജി.പ്രസാദ് അഭിവാദ്യം സ്വീകരിച്ചു. ഭരണഘടനയാണ് രാജ്യത്തെ പ്രധാന പ്രാണപ്രതിഷ്ഠയെന്ന് മന്ത്രി പറഞ്ഞു.

 

പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അഭിവാദ്യം സ്വീകരിച്ചു. കൊല്ലം ആശ്രാമം മൈതാനത്ത് മന്ത്രി കെ.ബി.ഗണേഷ്കുമാര്‍ പതാക ഉയര്‍ത്തി.കോഴിക്കോട് വിക്രം മൈതാനിയില്‍ മന്ത്രി പി.എ.മുഹമ്മദ് റിയാസ്,  തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് മന്ത്രി കെ.രാധാകൃഷ്ണന്‍ എന്നിവര്‍ പതാക ഉയര്‍ത്തി.

 

പാലക്കാട് കോട്ട മൈതാനിയില്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടി പതാക ഉയര്‍ത്തി. തുടര്‍ന്ന് സ്കൂള്‍ വിദ്യാര്‍ഥികളുടെ വിവിധ കലാപ്രകടനവും അരങ്ങേറി.

മലപ്പുറത്ത് മന്ത്രി ജി.ആര്‍.അനിലും കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും പതാക ഉയര്‍ത്തി. ഇടുക്കിയില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു. കോട്ടയത്ത് മന്ത്രി വി.എന്‍.വാസവന്‍ പതാക ഉയര്‍ത്തി. കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ മന്ത്രി ആര്‍.ബിന്ദുവും വയനാട് കൽപറ്റ എസ്.കെ.എം.ജെ.സ്കൂൾ ഗ്രൗണ്ടിൽ  മന്ത്രി എ.കെ.ശശീന്ദ്രനും പതാക ഉയര്‍ത്തി. കൊച്ചിയില്‍ ദക്ഷിണ നാവികസേനാ ആസ്ഥാനത്തെ റിപ്പബ്ലിക് ദിന പരേഡില്‍ വൈസ് അഡ്മിറൽ വി.ശ്രീനിവാസ് അഭിവാദ്യം സ്വീകരിച്ചു. കമാൻഡർ വിജയന്ത് റായിയുടെ നേതൃത്വത്തിൽ 700 നാവികർ പങ്കെടുത്ത പരേഡോടെയായിരുന്നു ആഘോഷങ്ങൾക്ക് തുടക്കം.

Republic Day Celebrations In Kerala