വാഹനം തട്ടി സൈഡ് മിറര്‍ പൊട്ടിയെന്ന് ആരോപിച്ച് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന്‍റെ കണ്ണാടി അഴിച്ചെടുത്ത് ലോറി ജീവനക്കാര്‍. സ്വിഫ്റ്റ് ജീവനക്കാര്‍ നോക്കി നില്‍ക്കെയാണ് ബസില്‍ നിന്നും സൈഡ് മിറല്‍ അഴിച്ചെടുത്ത് ലോറിയില്‍ ഘടിപ്പിച്ചത്. ലോറി ജീവനക്കാര്‍ സംഭവം ചിത്രീകരിച്ച് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു.
ഇന്നലെയാണ് സംഭവവുമായി ബന്ധപ്പെട്ട വീഡിയോ മല്ലു ട്രക്ക് ലൈഫ് എന്ന ഇന്‍സ്റ്റഗ്രാം പ്രൊഫൈലിലൂടെ പുറത്തുവിട്ടത്. കോട്ടയം– മൂകാംബിക റൂട്ടില്‍ ഓടുന്ന സ്വിഫ്റ്റ് സീറ്റര്‍ ബസ് ഉടുപ്പിയില്‍ വെച്ച് ലോറിയുടെ സൈഡ് മിററില്‍ തട്ടിയെന്നാണ് വീഡിയോയില്‍ പറയുന്നത്. പൊട്ടിയ കണ്ണാടിക്ക് പകരമായി സ്വിഫ്റ്റിന്‍റെ ഇടതുവശത്തെ കണ്ണാടി അഴിച്ചെടുക്കുകയായിരുന്നു. ലോറിജീവനക്കാര്‍ കണ്ണാടി അഴിച്ചെടുക്കുന്നതും സ്വിഫ്റ്റ് ജീവനക്കാര്‍ ഇത് നോക്കി നില്‍ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. രണ്ട് ലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്.
ഡിപ്പോയില്‍ വിളിച്ചപ്പോള്‍ ഗ്ലാസ് അഴിച്ചെടുക്കാന്‍ അനുവാദം ലഭിച്ചുവെന്നാണ് കമെന്‍റ് ബോക്സില്‍ വീഡിയോ പ്രചരിപ്പിച്ചയാള്‍ പറയുന്നത്. എന്നാല്‍ സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇങ്ങനെ ഒരു നടപടി ക്രമം ഇല്ലെന്നും കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് അധികൃതര്‍ വ്യക്തമാക്കി. ബസിലെ ജിവനക്കാരെ വിളിച്ചുവരുത്തിയിട്ടുണ്ട്. ഇവരില്‍ നിന്ന് വിശദീകരണം തേടിയ ശേഷം തുടര്‍ നടപടികളിലേക്ക് കടക്കുമെന്നും സ്വിഫ്റ്റ് മാനേജ്മെന്‍റ് വ്യക്തമാക്കി.
Lorry staffs removed the rear view mirror of the KSRTC Swift bus.