തിരുവനന്തപുരം നഗരത്തില്‍ കുത്തിപ്പൊളിച്ചിട്ട റോഡുകളില്‍ നാട്ടുകാര്‍ നട്ടംതിരിയുന്നതിനിടെ രാഷ്ട്രീയപ്പോരുമായി ജനപ്രതിനിധികള്‍. റോഡിന്റെ ദുരവസ്ഥയെ കുറ്റപ്പെടുത്തിയതിന്, മന്ത്രി മുഹമ്മദ് റിയാസ് തന്നെ വിമര്‍ശിച്ചിട്ടില്ലെന്ന് മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ അവകാശപ്പെട്ടു. മന്ത്രിയുടെ കയ്യില്‍ നിന്ന് പൊള്ളലേറ്റത് മറയ്ക്കാനുള്ള ശ്രമമാണ് കടകംപള്ളിക്കെന്ന് ടി.സിദ്ദിഖ് പരിഹസിച്ചു. അഴിമതിപണം പങ്കുവയ്ക്കുന്നതിലെ തര്‍ക്കമാണ് മന്ത്രിയും മുന്‍മന്ത്രിയും തമ്മിലെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി.
റോഡെല്ലാം സ്മാര്‍ട്ടാക്കുമെന്ന് പറഞ്ഞ് തുടങ്ങിയ പണി ഒച്ചിനേപ്പോലും നാണിപ്പിച്ച് ഇഴയുകയാണ്. നടക്കാനും വണ്ടിയോടിക്കാനും വയ്യാതെ വലയുന്ന നാട്ടുകാരുടെ ചീത്ത കേട്ട് മടുത്തിട്ടാണ് സ്വന്തം പാര്‍ട്ടിയാണ് ഭരിക്കുന്നതെന്ന് ഓര്‍ക്കാതെ കടകംപള്ളി സുരേന്ദ്രന്‍ കാര്യം പറഞ്ഞത്. റോഡെല്ലാം ഇപ്പോള്‍ ശരിയാക്കുമെന്ന് എപ്പോളും പറയുന്ന പൊതുമരാമത്ത് മന്ത്രിക്ക് ഇഷ്ടപ്പെട്ടില്ല. ഉടന്‍ വന്നു പരോക്ഷ വിമര്‍ശനം. മുന്‍മന്ത്രികൂടിയായ മുതിര്‍ന്ന നേതാവിനെ താരതമ്യേന ജൂനിയറായ മന്ത്രി പൊതുവേദിയില്‍ അഴിമതിക്കാരനെന്ന അര്‍ത്ഥം വരുന്നതരത്തില്‍ വിമര്‍ശിച്ചത് പാര്‍ട്ടിയിലും നാട്ടിലും ചര്‍ച്ചയായി. ഇതോടെയാണ് എന്നെ വിമര്‍ശിച്ചിട്ടില്ലെന്ന വാദവുമായി മുന്‍മന്ത്രി തന്നെ നിയമസഭയിലെത്തിയത്.
എം.എല്‍.എ ഇങ്ങിനെ വാദിച്ചെങ്കിലും വിമര്‍ശിച്ചിട്ടില്ലെന്ന മന്ത്രി ഏറ്റുപറഞ്ഞില്ല. ഇതോടെ പരിഹാസവുമായി പ്രതിപക്ഷം. അല്‍പംകൂടി കടുപ്പിച്ച് അഴിമതിയാണ് മന്ത്രിയും എം.എല്‍.എയും തമ്മിലുള്ള തര്‍ക്കത്തിന് പിന്നിലെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. ചെളിവാരിയെറിയല്‍ തുടരുമ്പോഴും നാട്ടുകാരുടെ യാത്ര കുഴിയില്‍ തന്നെ.
Trivandrum road issue